നെടുമ്പാശ്ശേരി: പ്രളയത്തെ തുടർന്ന് മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ കണ്ടെത്തുന്നതിനും ആവശ്യമായ പിന്തുണ നൽകുന്നതിനുമായി ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അംഗൻവാടി ടീച്ചർമാർക്കും സന്നദ്ധ പ്രവർത്തകർക്കും ഏകദിന ശിൽപശാല നടത്തി. യൂണിസെഫിന്റെ കീഴിലുള്ള പ്രൊജക്ട് ഹോപ്പിന്റെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രളയത്തെ തുടർന്ന് മാനസിക പ്രശ്നങ്ങൾ നേരിടുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ 40 കുട്ടികളെ കണ്ടെത്തുകയാണ് ലക്ഷ്യം.
വേണ്ടപ്പെട്ടവരുടെ മരണം, അപകടം, വീട് നഷ്ടപ്പെടുക, സ്ഥലം നഷ്ടപ്പെടുക തുടങ്ങി പല കാരണങ്ങൾ കൊണ്ടും പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾ മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ വീട്ടുകാർക്കിത് തക്ക സമയത്ത് മനസിലാക്കാനോ പരിഗണന നൽകാനോ കഴിയാറില്ല. ഇത്തരം മാനസിക സമ്മർദ്ദങ്ങൾ വർധിച്ച് കുട്ടികളുടെ മാനസിക വളർച്ചയെ തന്നെ ദോഷകരമായി ബാധിച്ചേക്കാം. ഇത് മുൻകൂട്ടി കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനുമാണ് പ്രൊജക്ട് ഹോപ്പ് ലക്ഷ്യമിടുന്നത്. ഒരു പോലീസ് സ്റ്റേഷൻ പരിധിയിലെ 40 കുട്ടികളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. ഭാവിയിൽ ഇത്തരം പ്രകൃതിദുരന്തങ്ങൾ ആവർത്തിച്ചാൽ മാനസികമായി എങ്ങനെ നേരിടാമെന്ന പരിശീലനവും കുട്ടികൾക്ക് നൽകും. ശില്പശാലയിൽ പങ്കെടുത്തവരിൽ നിന്നും 10 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഇതിൽ നിന്നും രണ്ടു പേർക്ക് ആലുവയിൽ ജില്ലാ പോലീസ് ആസ്ഥാനത്തു നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കണം. ഇവരായിരിക്കും കുട്ടികൾക്ക് പരിശീലനം നൽകുക.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി. എം. ആശ, ടി.വി.അഞ്ജലി എന്നിവർ ക്ലാസുകൾ നയിച്ചു.ചെങ്ങമനാട് എസ്.ഐ സുധീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി.ചന്ദ്രശേഖര വാര്യർ, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സംഗീത സുരേന്ദ്രൻ, സി.എസ്.രാധാകൃഷ്ണൻ, ഷീന സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ചെങ്ങമനാട് പോലീസ് സ്റ്റേഷന്റെ പരിധിയിൽ ചെങ്ങമനാട്, കുന്നുകര പ്രദേശങ്ങളിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്.