എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കടിഞ്ഞിമൂലയിലെ അഫ്സലിന്റെ വീട്ടിലേക്ക് റോഡ് നിര്‍മ്മിച്ച് കൊടുത്ത് നീലേശ്വരം നഗരസഭ മാതൃകയായി. കടിഞ്ഞിമൂലയിലെ അഫ്സല് മന്‍സിലില്‍ താമസിക്കുന്ന പതിനാറുകാരനായ അഫ്സലിന് ആശുപത്രിയിലേക്ക് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി വാഹനത്തിലേക്ക് കയറാന്‍ ചതുപ്പ് നിലത്തിലൂടെ മറ്റൊരാളുടെ ചുമലില്‍ സഞ്ചരിക്കേണ്ടിവരുന്ന ദുരവസ്ഥയ്ക്ക് ഇനി വിട.
ഇക്കഴിഞ്ഞ മഴക്കാലത്ത് നഗരസഭാ പരിധിയിലെ എന്‍ഡോസള്‍ഫാന്‍ രോഗികളെ നേരിട്ട് കാണുന്നതിന്റെ ഭാഗമായി നഗരസഭാ സംഘം വീട്ടില്‍ എത്തിയപ്പോള്‍ അഫ്സലും വീട്ടുകാരും നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജന്റെ മുമ്പാകെവച്ച ഒരു അഭ്യര്‍ത്ഥന വീട്ടിലേക്ക് ഒരു റോഡ് എന്നതായിരുന്നു. ഏറെ പരിഗണന അര്‍ഹിക്കുന്ന ഈ അഭ്യര്‍ത്ഥന യാതാര്ത്ഥ്യമാക്കുമെന്ന് ചെയര്‍മാനും കൂടെ ഉണ്ടായിരുന്ന വിദ്യാഭ്യാസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.പി മുഹമ്മദ്റാഫിയും വാര്‍ഡ് കൗണ്‍സിലര്‍ വി.വി സീമയും ഉറപ്പ് നല്കി. ആ വാഗ്ദാനമാണ് ഏറ്റവും ചുരുങ്ങിയ കാലത്തിനിടയില്‍ നഗരസഭ അഫ്സലിന്റെ അയല്‍ക്കാരായ സുമനസ്സുകളുടെ സഹായത്തോടു കൂടി നടപ്പിലാക്കിയത്. അഫ്സലിന് വീട്ടിലേക്ക് റോഡ് വന്നതോടെ എട്ടോളം അയല്‍വാസികള്‍ക്കും റോഡിന്റെ പ്രയോജനം വന്നു ചേര്‍ന്നു.
കാഞ്ഞങ്ങാട് നെഹ്റുകോളേജ് സാഹിത്യവേദി നിര്‍മ്മിച്ചു കൊടുത്ത അഫ്സലിന്റെ വീട്ടിലേക്കുള്ള റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജന്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എം.സന്ധ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ്് കമ്മിറ്റി ചെയര്മാന് പി.പി മുഹമ്മദ് റാഫി, വാര്‍ഡ് കൗണ്‍സിലര്‍ വി.വി സീമ എന്നിവരോടൊപ്പം അഫ്സലിന് വീട് നിര്‍മ്മിച്ചു കൊടുത്ത നെഹ്റുകോളേജ് സാഹിത്യവേദിയുടെ പ്രസിഡന്റും സാഹിത്യകാരന് അംബികാസുതന്‍ മാങ്ങാട്, കെ.വി.അമ്പാടി, കെ.വി. കുഞ്ഞിരാമന്, കെ.ചന്ദ്രന്, ശ്രീധരന് കടവത്ത്, പരിസ്ഥിതി ശാസ്ത്രജ്ഞന് പി.വി.ദിവാകരന് എന്നിവരും പങ്കെടുത്തു. അഫ്സലിന്റെ വീട്ടിലേക്ക് നിര്‍മ്മിച്ച റോഡ് അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാര്‍ ചെയ്യുമെന്ന് നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജന് പറഞ്ഞു.
