ജോലി ആവശ്യാര്‍ത്ഥവും മറ്റുമായി രാത്രികാലങ്ങളില്‍ യാത്രചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ പലപ്പോഴും അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളിലൊന്നാണ് സുരക്ഷിതമായി തലചായ്ക്കാന്‍ ഒരിടം. എന്നാല്‍ ജില്ലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ഇനി പേടികൂടാതെ താമസിക്കാന്‍ ഇടമൊരുക്കിയിരിക്കുകയാണ് സര്‍ക്കാരിന്റെ ഷീലോഡ്ജ് പദ്ധതിയിലൂടെ കാഞ്ഞങ്ങാട് നഗരസഭ. സംസ്ഥാനത്ത് തന്നെ ഷീലോഡ്ജിനായി സ്വന്തം കെട്ടിടമൊരുക്കിയ ആദ്യത്തെ നഗരസഭ എന്ന പ്രത്യേകതയും ഇനി കാഞ്ഞങ്ങാട് നഗരസഭയ്ക്ക് സ്വന്തമാണ്. ഈ മാസം 22 നാണ് ഷീലോഡ്ജിന്റെ ഉദ്ഘാടനം.
രാത്രികാലങ്ങളില്‍ നഗരങ്ങളില്‍ എത്തുന്ന സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ 2017-2018 ബജറ്റില്‍ ഷീ ലോഡ്ജ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി 14 ജില്ലകളിലും ഷീലോഡ്ജ് നിര്‍മിക്കാന്‍ അനുമതിയും നല്‍കി. കാഞ്ഞങ്ങാട് നഗരസഭ 2017-2018 ജനകീയാസൂത്രണ പദ്ധതിയില്‍ 45 ലക്ഷം രൂപ വകയിരുത്തിയാണ് നഗരഹൃദയഭാഗങ്ങളില്‍ലൊന്നായ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിനകത്ത് ഷീ ലോഡ്ജ് ഒരുക്കിയിരിക്കുന്നത്. രണ്ടുനില കെട്ടിടത്തില്‍ മുകളിലായാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ശുചി മുറികളടക്കം അഞ്ചു മുറികളാണ് ഇതിനായി പണിതിട്ടുള്ളത്. കൂടാതെ ഭക്ഷണ സൗകര്യവും ഒരുക്കും. കുടുംബശ്രീക്കാണ് ഷീ ലോഡ്ജിന്റെ നടത്തിപ്പു ചുമതല. കൂടാതെ കെട്ടിടത്തിന് താഴത്തെ നിലയില്‍ സ്ത്രീകള്‍ക്ക് സംരംഭം തുടങ്ങുന്നതിനുള്ള മുറികളുമുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള സൗകര്യങ്ങളും ഇതിന് അനുബന്ധമായി ഒരുക്കുമെന്നും നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സുലൈഖ പറഞ്ഞു.
കൂടാതെ മുകളില്‍ ഒരു നിലകൂടി നിര്‍മ്മിച്ച് പദ്ധതി വിപൂലീകരിക്കാനുള്ള ഒരുക്കവും ഉണ്ട്. സര്‍ക്കാരിന്റെ പ്രഖ്യാപനം വന്ന ഉടന്‍ തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ നഗരസഭ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഏഴുമാസത്തിനകം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. നിലവില്‍ ഒരേ സമയം 15 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇതുവഴി ലഭിക്കും. കൂടാതെ രാജ്യത്തിന്റെ എവിടെയുള്ളവര്‍ക്കും മുറി ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനവും ലഭ്യമാക്കും.
രാത്രികാലങ്ങളില്‍ ഒറ്റയ്ക്കു യാത്രചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്ക് ഏറെ ഗുണപ്രദമാകുന്നതാണ് ഷീ ലോഡ്ജ് പദ്ധതി. നിലവില്‍ രാത്രിയാത്രകളില്‍ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താമസ സൗകര്യമൊരുക്കുന്ന കുടംുബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കും കാഞ്ഞങ്ങാട് ഐങ്ങോത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.