കൊച്ചി: ഭൂരഹിതരായ 1296 പട്ടികജാതി വിഭാഗക്കാരെ ആയിരം ദിവസം കൊണ്ട് പുനരധിവസിപ്പിച്ച് സംസ്ഥാന സർക്കാർ. 2177 പേർക്ക് ഭവനനിർമ്മാണത്തിനുള്ള ധനസഹായവും സർക്കാർ നൽകി. പട്ടികജാതി വികസന വകുപ്പു വഴി ജനപക്ഷ സാമൂഹ്യക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയത്.
ഭൂരഹിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ 2016-17 സാമ്പത്തിക വർഷത്തിൽ 17. 86 കോടി രൂപയും 2017-18 സാമ്പത്തിക വർഷത്തിൽ 17.5 കോടി രൂപയും 2018-19ൽ 13.78 കോടി രൂപയും വകുപ്പ് ചെലവഴിച്ചു. ഭവന നിർമ്മാണ ധന സഹായമായി 2016-17 സാമ്പത്തിക വർഷത്തിൽ 23.49 കോടിയും 2017-18 സാമ്പത്തിക വർഷം 38.42 കോടി രൂപയും നൽകി. 2177 പേർക്കാണ് സഹായം ലഭിച്ചത്. ഭവന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 2016- 17 ൽ 668 പേർക്ക് 6.63 കോടിയും 2017-18 ൽ 5 l പേർക്ക് 1.27 ലക്ഷം രൂപയും വിതരണം ചെയ്തു.
പട്ടികജാതി വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ പഠനമുറി നിർമ്മാണത്തിന് 2017-18 സാമ്പത്തിക വർഷം 692 പേർക്ക് 5.85 കോടിയും 2018-19 ൽ 520 പേർക്ക് 1.98 കോടിയും ചെലവഴിച്ചു. പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായമായി 1802 പേർക്ക് 11.5 കോടി രൂപയും കഴിഞ്ഞ മൂന്നു വർഷക്കാലം ചെലവഴിച്ചു. പ്രളയ ദുരിതാശ്വാസമായി 130007 പേർക്ക് ആറരകോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ധനസഹായ ഇനത്തിൽ പ്രൈമറി വിദ്യാഭ്യാസ ധനസഹായമായി 2016-17ൽ 1.9 കോടിയും 2017-18 ൽ 2.04 കോടിയും 2018-19ൽ 1.98 കോടി രൂപയും വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് ലാപ്ടോപ് നൽകുന്നതിനായി 1.82 കോടി രൂപ കഴിഞ്ഞ ആയിരം ദിവസത്തിൽ ചെലവഴിച്ചു. മെഡിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുള്ള പ്രാരംഭ ചെലവ്, ഗവൺമെന്റ് ഓഫ് ഇന്ത്യാ സ്കോളർഷിപ്പ്, ബുക്ക് ബാങ്ക്, പഠനയാത്ര, പാരലൽ കോളജ് വിദ്യാഭ്യാസ ആനുകൂല്യം, ബിരുദ ബിരുദാനന്തര കലാ കോഴ്സുകളിലേക്കുള്ള ഉപാധികൾ വാങ്ങുന്നതിനുള്ള ധനസഹായം എന്നിവ വിദ്യാഭ്യാസ ആനുകൂല്യങ്ങളായി നൽകിയിട്ടുണ്ട്. സാമ്പത്തിക വികസന പദ്ധതികളിൽ സ്വയം തൊഴിൽ, അഭിഭാഷക ധനസഹായം, സ്വയം സഹായ സംഘം, എസ്.സി പ്രൊമോട്ടർമാർ എന്നീ ധനസഹായങ്ങളും വകുപ്പു വഴി നൽകിയിട്ടുണ്ട്.