മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ്-പി.എം.എ.വൈ പദ്ധതികളിൽ പൂർത്തിയായ 200 വീടുകളുടെ താക്കോൽദാനം സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പൂർത്തീകരിച്ച വീടുകളാണ് ഗുണഭോക്താക്കൾക്കു കൈമാറിയത്. 2007-08 മുതൽ 2015-16 വരെ അനുവദിച്ചതും പല കാരണങ്ങളാൽ നിർമാണം പൂർത്തീകരിക്കാത്തതുമായ 638 വീടുകളാണ് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 593 വീടുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. 2016-17 മുതൽ പി.എം.എ.വൈ പദ്ധതിയിൽ 305 വീടുകൾക്ക് എഗ്രിമെന്റ് വച്ചതിൽ 224 എണ്ണം പൂർത്തിയായി. ശേഷിക്കുന്ന വീടുകളുടെ നിർമാണം മാർച്ച് 31നകം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഖമർ ലൈല, തങ്കമ്മ യേശുദാസ്, കെ.കെ.സി മൈമൂന ബ്ലോക്ക് ഡിവിഷൻ മെംബർമാരായ എം.പി വത്സൻ, ദിനേശ് ബാബു, എൻ.എം ആന്റണി, എം.സതീഷ് കുമാർ, ഫാത്തിമാ ബീഗം, പ്രീതാ രാമൻ, ബിന്ദു ജോൺ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൻ. അനൂപ് കുമാർ, ജോയിന്റ് ബി.ഡി.ഒ പി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
