വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും ഇതിന്റെ ഭാഗമായി നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം പൊതുസമൂഹം ഏറ്റെടുത്തതായും മുഖ്യമന്ത്രിപിണറായി വിജയന്‍ പറഞ്ഞു.  ബാലുശ്ശേരി കിനാലൂരില്‍ നിര്‍മിച്ച ഡോ ബി.ആര്‍ അംബേദ്ക്കര്‍ സ്മാരക ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിലേത്. എങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ ആകേണ്ടതുണ്ട്. അതിനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളെ ജോലി ചെയ്യാന്‍ പ്രാപ്തരാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ പരിശീലനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലാലയങ്ങളില്‍ പരീക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഇതു സംബന്ധിച്ച് വൈസ് ചാന്‍സലര്‍മാരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്.  വിദ്യാഭ്യാസ മേഖലയിലെ ഉണര്‍വിന് ആദ്യ ഇ.എം.എസ് സര്‍ക്കാര്‍ മുതല്‍ നടപ്പാക്കിയ സാര്‍വത്രിക വിദ്യാഭ്യാസ നയങ്ങള്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. സര്‍ക്കാറിന്റെ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ കോളേജിന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും കോളേജില്‍ കൂടുതല്‍ വികസന പ്രവൃത്തികള്‍ നടപ്പാക്കേണ്ടതുണ്ടെന്നും ഇത് കാലത്തെ ആശ്രയിച്ചിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനായി, മന്ത്രി എ.കെ ശശീന്ദ്രന്‍, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 4.2 കോടി രൂപയും വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 1.5 കോടിയും വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ ഒന്നാംഘട്ടം പണി പൂര്‍ത്തീകരിച്ചത്. തുടര്‍ പ്രവൃത്തികള്‍ക്കായി കിഫ്ബിയില്‍ നിന്നും 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം അരങ്ങ് കൊയിലാണ്ടി അവതരിപ്പിച്ച നാട്ടുണര്‍വും വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.