സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികള്‍ വര്‍ണാഭമാക്കാന്‍ വിസ്മയ കാഴ്ചകളൊരുക്കി നടന്ന ഘോഷയാത്രയില്‍ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍. വനിതാസംഘ ശക്തിയുടെ കരുത്ത് തെളിയിച്ച് ജില്ലയിലെ 20,000 കുടുംബശ്രീ പ്രവര്‍ത്തകരാണ് ഘോഷയാത്രയുടെ ഭാഗമായത്. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ വിവിധ വകുപ്പുകള്‍ തയ്യാറാക്കിയ നിശ്ചലദൃശ്യങ്ങളും അണിനിരന്നു. വൈകിട്ട് മൂന്ന് മണിക്ക് കോര്‍പറേഷന്‍ സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര മാവൂര്‍ റോഡ്-സിഎച്ച് ഓവര്‍ബ്രിഡ്ജ് വഴി ഉദ്ഘാടന വേദിയായ കടപ്പുറത്ത് സമാപിച്ചു.
സോളാര്‍ പവര്‍, ഇ-വെഹിക്കിള്‍ എന്നിവയുടെ അവതരണവുമായി കെ.എസ്.ഇ.ബി, വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയവുമായി സാമൂഹ്യനീതി വകുപ്പ്, വിമുക്തിയുടെ സന്ദേശമുയര്‍ത്തി എക്സൈസ് വകുപ്പ്, വനഭൂമിയും വനഭൂമി സംരക്ഷിക്കുന്ന നടപടികളും ഉയര്‍ത്തിപ്പിടിച്ച് വനംവകുപ്പ്, വൈവിധ്യം, വികസനം,വരുമാനം എന്നി വിഷയമാക്കി മൃഗസംരക്ഷണ വകുപ്പ്, തൊഴിലും നൈപുണ്യം വകുപ്പ്  തുടങ്ങിയ പത്തിലധികം വകുപ്പുകളുടെയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെയും പ്ലോട്ടുകളാണ് ഘോഷയാത്രയെ മാറ്റുകൂട്ടാന്‍ അണിഞ്ഞൊരുങ്ങിയത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ നേതൃത്വത്തില്‍ ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, മാര്‍ഗം കളി തുടങ്ങിയ കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളായ കെ.ബാബുരാജ്, പി.സി രാജന്‍, എം.രാധാകൃഷ്ണന്‍, ജമീല, പി.ടി ആസാദ്, പി.വി നവീന്ദ്രന്‍, കെ.ലോഹ്യ തുടങ്ങിയവരാണ് ഘോഷയാത്രയുടെ മുന്‍നിരയില്‍ ഉണ്ടായത്. അങ്കണവാടി ടീച്ചര്‍മാര്‍, വര്‍ക്കര്‍മാര്‍, സിഡിപിഒമാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി അയ്യായിരത്തിലധികം പേര്‍ ഐസിഡിഎസിന് കീഴില്‍ അണിനിരന്നു. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, യുവജന-സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരും ഘോഷയാത്രയില്‍ പങ്കെടുത്തു.