പിന്നിട്ട ആയിരം ദിനങ്ങളില്‍ കേരളത്തിന്റെ സമഗ്ര മേഖലയിലും അര്‍ത്ഥപൂര്‍ണ്ണമായ മാറ്റങ്ങള്‍ സാധ്യമാക്കാന്‍ കഴിഞ്ഞതായി ഭക്ഷ്യ പൊതു വിതരണ വകുപ്പു പി.തിലോത്തമന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍  ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ജില്ലാതല ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിച്ചും വികസനത്തിന് അടിത്തറ ഒരുക്കിയുമുള്ള പ്രക്രിയയ്ക്കാണ് ഈ ദിനങ്ങളില്‍ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്.  നടപ്പാക്കിയ എല്ലാ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് പ്രയോജനകരമാക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കാനും കുടിശിക തീര്‍ത്ത് നല്‍കാനും സാധിച്ചു. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിച്ച് മികച്ച സേവനം ലഭ്യമാക്കിയിരിക്കുകയാണ്. കാര്‍ഷിക മേഖലയും  ഉല്പാദനമേഖലയും കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനായി. നിശ്ചയദാര്‍ഢ്യത്തോടെ കരുതിക്കൂട്ടിയുള്ള പ്രവര്‍ത്തനത്തിലൂടെയാണിത്  സാധ്യമായത്. നാളികേര കാര്‍ഷകരുടെയും റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഗൗരവതരമായ മാറ്റങ്ങളുണ്ടാക്കാനുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. നെല്‍കൃഷിയില്‍ ഉത്പാദന വര്‍ദ്ധനവും ഉത്പാദനക്ഷമതാവര്‍ദ്ധനവും നേടാനും ജൈവ കൃഷിയിലേക്ക് ജന മനസ് തിരിക്കാനും സാധിച്ചു. നഷ്ടത്തിലായിരുന്ന പല പൊതു മേഖലാ സ്ഥാപനങ്ങളേയും ലാഭത്തില്‍ കൊണ്ടെത്തിക്കാനായി. കുറഞ്ഞ വിലയ്ക്കും വേഗത്തിലും പാചക വാതകം ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ഗെയ്ല്‍ പദ്ധതി പുരോഗമിക്കുകയാണ്. വൈജ്ഞാനിക മണ്ഡലത്തില്‍ പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിന് മുഴുവന്‍ വിദ്യാലയങ്ങളും ഹൈടെക് ആക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്നും പുതുമയും പുരോഗതിയും  തുടര്‍ ദിനങ്ങളിലും സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിശപ്പുരഹിത കേരളം, ആരോഗ്യ ജാഗ്രത 2019 എന്നീ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും സൗജന്യ ഗ്ലൂക്കോമീറ്റര്‍, ആധാര്‍ എന്റോള്‍മെന്റ് കിറ്റ് എന്നിവയുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. സി. കെ ആശ എം എല്‍ എ, ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കര്‍, എ ഡി എം അലക്‌സ് ജോസഫ്,  ഡി റ്റി പി സി സെക്രട്ടറി ഡോ. ബിന്ദു നായര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം പി ശ്രീലത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് പി എന്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് ആരോഗ്യ സംരക്ഷണ സന്ദേശം നല്‍കി. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു സ്വാഗതവും സബ്കളക്ടര്‍ ഈശപ്രിയ നന്ദിയും പറഞ്ഞു.
നിയോജക മണ്ഡലങ്ങളില്‍ പൂര്‍ത്തീകരിച്ചിട്ടുളളതും ആരംഭിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനം, കലാ സാംസ്‌ക്കാരിക പരിപാടികള്‍, ചിത്രപ്രദര്‍ശനം വിവിധ വകുപ്പുകളുടെ സേവനമേള ഉത്പന്ന പ്രദര്‍ശന വിപണന മേള എന്നിവ ആഘോഷത്തിന്റെ ഭാഗമായി നാഗമ്പടം മൈതാനിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. മേള ഫെബ്രുവരി 27ന് അവസാനിക്കും.