മണ്ണഞ്ചേരി: കലവൂർ ഗവ: എച്ച്.എസ്.എൽ.പി.സ്‌കൂളിൽ ഹൈടെക്ക് കമ്പ്യൂട്ടർ ലാബ് ഒരുങ്ങി. മാർച്ച് ഒന്നിന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ഹൈടെക് കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ധനമന്ത്രി ടി.എം.തോമസ് ഐസക്ക് നിർവ്വഹിക്കും.വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ,പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്‌കൂളിൽ കമ്പ്യൂട്ടർ ലാബ് നിർമ്മിച്ചത്. മൂന്നു ലക്ഷം രൂപ ഇതിനായി ചെലവായി.
ആദ്യഘട്ടത്തിൽ തന്നെ പത്ത് കമ്പ്യൂട്ടറുകൾ ലാബിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം സ്‌കൂളിലെ 16 ക്ലാസിലും കുട്ടികൾക്ക് പ്രിയപ്പെട്ട പുസ്തകശേഖരവുമായി ക്ലാസ് ലൈബ്രറികളും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാൻ കൈയ്യെഴുത്ത് മാസികയുടെ പണിപ്പുരയും നടക്കുന്നുണ്ട്. ഇതിലൂടെ കുട്ടിക്കഥകളും കവിതകളും സൃഷ്ടിക്കുവാനുള്ള കഴിവ് പരിപോഷിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ക്ലാസ് ലൈബ്രറികൾ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷൻ കെ.ടി.മാത്യൂ ഉദ്ഘാടനംചെയ്യും. എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെ 550 കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂൾ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ്. എസ്.എം.സി യുടെ നേതൃത്വത്തിൽ ഇവിടെ കല – കായിക – സാഹിത്യ പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്. കയർ ബോർഡിന്റെ സഹകരണത്തോടെ സ്‌കൂൾ മുറ്റം കയർഭൂവസ്ത്രം വിരിച്ച് പൂന്തോട്ടവും നിർമ്മിച്ചിട്ടുണ്ട്.