കായംകുളം:സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച കായംകുളം പുതിയിടം-ഗോവിന്ദമുട്ടം-പ്രയാർ-ആലുംപീടിക റോഡിന്റെ ഉദ്ഘാടനവും മുട്ടേൽ പാലത്തിന്റെ നിർമ്മാണോദ്ഘാടനവും പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത വികസനത്തിനാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ആയിരം ദിനങ്ങളായി നേതൃത്വം നൽകി വരുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിൽ അഴിമതി മുക്തവും നിലവാരമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. മികച്ച കരാറുകാരെ കണ്ടെത്തി നിർമ്മാണം അവരെ ഏൽപ്പിക്കുന്നതാണ് ഈ വിജയത്തിനു പിന്നിലെ പ്രധാന ഘടകമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കായംകുളം മണ്ഡലത്തിൽ വികസനത്തിന്റെ പുത്തൻ ചരിത്രമെഴുതാൻ ഈ സർക്കാരിനായി. സഞ്ചാര യോഗ്യവും മികച്ച നിലവാരത്തിലുള്ളതുമായ റോഡുകളും പാലങ്ങളും നിർമ്മിക്കാൻ ഈ കാലത്ത് കഴിഞ്ഞിട്ടുണ്ടെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.
മുട്ടേൽ പാലത്തിന്റെ നിർമ്മാണത്തിനായി എട്ടു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.11.44 കോടി രൂപ ചെലവഴിച്ചാണ് പുതിയിടം-ഗോവിന്ദമുട്ടം-പ്രയാർ-ആലുംപീടിക റോഡ് അത്യാധുനിക നിലവാരത്തിൽ നിർമ്മിച്ചത്. കായംകുളം അമ്പലപ്പാട്ട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ആർ.രാമചന്ദ്രൻഎം.എൽ.എ., കായംകുളം നഗരസഭ ചെയർമാൻ എൻ.ശിവദാസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ആനന്ദൻ, നഗരസഭ ഉപാദ്ധ്യക്ഷ ആർ.ഗിരിജ,ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ശ്രീദേവി, ജനപ്രതിനിധികളായ ടി.ശ്രീകുമാരി,എം.എ.കെ ആസാദ്,കരീലക്കുളങ്ങര സ്പിന്നിംഗ് മിൽ ചെയർമാൻ എം.എ. അലിയാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ എസ്.സുധ എന്നിവർ പങ്കെടുത്തു.