ഭരണിക്കാവ്: ആധുനിക നിലവാരത്തിലുള്ള റോഡുകളാണ് സംസ്ഥാനത്തുടനീളം നിർമ്മിക്കുന്നതെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ പറഞ്ഞു. മാവേലിക്കര നിയോജക മണ്ഡലത്തിലെ 10-ാം മൈൽ കുടശ്ശനാട് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്തെ 50 ശതമാനത്തോളം റോഡുകൾ ഇതിനകം മികച്ച രീതിയിൽ പുനർനിർമ്മിച്ചു. ബാക്കിയുള്ളവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി പൂർത്തിയാക്കും. മികച്ച സ്ഥിരതയും, ആധുനികതയും ഉൾപ്പെടുത്തി സമയ ബന്ധിതമായാണ് റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. റോഡ് നിർമ്മാണത്തിൽ എന്തെങ്കിലും അപാകത ഉണ്ടായാൽ കരാറുകാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെ മുഖം നോക്കാതെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ കാലങ്ങളിലെ സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും തമ്മിൽ വളരെ അന്തരമാണുളളത്. സംസ്ഥാന സർക്കാർ നടത്തി വരുന്ന വികസന പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് പോലും എളുപ്പം തിരിച്ചറിയാൻ സാധിക്കുന്നു. ബിഎം ആന്റ് ബിസി മാതൃകയിൽ നാലു കോടി രൂപ വിനിയോഗിച്ചാണ് ഈ റോഡിന്റെ നിർമ്മാണം. ആവശ്യമുള്ളയിടങ്ങളിൽ ഇന്റർ ലോക്കിങ്ങ്, ഓട നിർമ്മാണം, യാത്രക്കാരുടെ സുരക്ഷയ്ക്കായി ദിശാസൂചകങ്ങൾ , റിഫ്ളക്ടറുകൾ, തുടങ്ങിയവയും സ്ഥാപിക്കും. സംസ്ഥാന സർക്കാറിന്റെ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് മാവേലിക്കര നിയോജക മണ്ഡലത്തിൽ നടന്നു വരുന്നത്.
യോഗത്തിൽ ആർ. രാജേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൊതുമരാമത്തു വകുപ്പ് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. വിനു റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ജില്ല പഞ്ചായത്തംഗം ബി. വിശ്വൻ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ശിവൻ, ബ്ലോക്ക് പഞ്ചായത്തംഗം പി.പി. കോശി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. ബിജു, എസ്. രജനി, ലളിത രവി, ജെ. ഓമന, പ്രസന്ന, സൂസമ്മ, മഞ്ജു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ബി. വിമൽ, കെ. രാഘവൻ എന്നിവർ പ്രസംഗിച്ചു.
