ജില്ലാ ശിശുക്ഷേമ സമിതിയുടെ അവലോകനയോഗം എ.ഡി.എം ടി. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ ആശുപത്രിക്ക് സമീപം അമ്മത്തൊട്ടില്‍ സ്ഥാപിക്കാന്‍ എം.ബി രാജേഷ് എംപിയുടെ ഫണ്ടില്‍നിന്നും ആറ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി എം.സി വാസുദേവന്‍ യോഗത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് കൊടുവായൂരില്‍ നിര്‍മിക്കുന്ന അങ്കണവാടി ട്രെയ്നിങ് സെന്റര്‍ ഏപ്രില്‍ അവസാന വാരത്തോടെ പൂര്‍ത്തിയാകുമെന്നും സെക്രട്ടറി അറിയിച്ചു. ഈ മാസം നടക്കുന്ന സംസ്ഥാന ബാല ചലച്ചിത്രോത്സവത്തില്‍ ജില്ലയില്‍നിന്നും 20 ആദിവാസി കുട്ടികളടക്കം 30 പേരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. അപേക്ഷ നല്കിയ മൂന്ന് പേര്‍ക്ക് അംഗത്വം നല്‍കാനും സമിതി തീരുമാനിച്ചു. എ.ഡി.എമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ട്രഷറര്‍ വിജയകുമാര്‍ ജോയിന്റ് സെക്രട്ടറി എം. രാമചന്ദ്രന്, വൈസ് പ്രസിഡന്റ് സി. പി. ജോണ്‍, ഡി.ഡി.ഇ പി.യു പ്രസന്നകുമാരി, എക്സിക്യൂട്ടീവ് അംഗങ്ങളായ എം രണ്‍ദീഷ്, ബി.കെ.കമലം, എ.കെ.കുട്ടന്, കെ.ഗിരിജ, സന്തോഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
