ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല പരിശീലകർക്ക് നൽകിവന്നിരുന്ന പരിശീലനം അവസാനിച്ചു . ഇ.വി.എം എങ്ങനെ ബന്ധിപ്പിച്ച് വോട്ട് ചെയ്യിക്കാം, കൺട്രോൾ യൂണിറ്റ് തുറക്കുന്നതെങ്ങനെ,മോക് പോൾ കഴിഞ്ഞാൽ എന്തുചെയ്യണം എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളടങ്ങിയ സ്ലൈഡുകളും പരിശീലനത്തിൽ അവതരിപ്പിച്ചു. വി.വി പാറ്റിൽ തകരാർ സംഭവിച്ചാൽ അത് ബാറ്ററിയുടെ പ്രശ്നമാണെങ്കിൽ ബാറ്ററി മാറ്റുകയാണ് വേണ്ടത്. മറ്റെന്തെങ്കിലും തകരാറണെങ്കിൽ മെഷീൻ മാറ്റണമെന്നും പരിശീലകർ അറിയിച്ചു. ഇതിനുള്ള പരിശീലനവും നൽകി. തിരഞ്ഞെടുപ്പുചുമതലയുള്ള ഉദ്യോഗസ്ഥർ പ്രിസൈഡിങ് ഓഫീസറുടെ നിർദ്ദേശങ്ങൾ പാലിക്കണം. തിരഞ്ഞെടുപ്പ് വേളയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും വയോജനങ്ങൾക്കും പ്രത്യേകം വരി സജ്ജമാക്കണം. തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ അവരവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും പരിശീലനത്തിൽ അറിയിച്ചു.പരിശീലനത്തിൽ നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു.