ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വയനാട് ലോകസഭ മണ്ഡലത്തിൽ നിയോഗിച്ച നിരീക്ഷകൻ ആനന്ദ്കുമാർ കളക്ടറേറ്റിലെത്തി ചുമതലയേറ്റു. പൂനെയിൽ സിജിഎസ്ടി ആൻഡ് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ആണ് ഇദ്ദേഹം. ജനാധിപത്യപരവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനും സ്ഥാനാർത്ഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുകയിൽ കൂടുതൽ ചെലവഴിക്കുന്നുണ്ടോയെന്നും പരിശോധിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന 90ഓളം സാധനസാമഗ്രികളുടെ അടിസ്ഥാനവില നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് പ്രചാരണ ചെലവുകൾ കണക്കാക്കുന്നത്. സ്ഥാനാർഥികളോ ഏജന്റുമാരോ നിശ്ചിത മാതൃകയിൽ ദിനംപ്രതി വരവ്-ചെലവുകൾ എഴുതി സൂക്ഷിക്കണം. ചെലവ് നിരീക്ഷക സമിതി മുമ്പാകെ ഹാജരാക്കുകയും വേണം.
പണം, മദ്യം, മറ്റു പാരിതോഷികങ്ങൾ എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ പാടില്ല. ഭീഷണിപ്പെടുത്തി ഏതെങ്കിലും സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനോ ചെയ്യാതെ ഇരിക്കാനോ പ്രേരിപ്പിക്കുന്നത് ശിക്ഷാർഹമാണ്. ജാതി-മതം എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കരുത്. യഥാർത്ഥ ചെലവുകൾ മറച്ചുവയ്ക്കുകയോ കുറച്ചുകാണിക്കുകയോ ചെയ്താൽ കമ്മീഷൻ നടപടി സ്വീകരിക്കും. ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ എ.ആർ അജയകുമാർ വിശദീകരിച്ചു. തെരഞ്ഞടുപ്പ് ചെലവ് സംബന്ധിച്ച് പൊതുജനങ്ങൾക്കും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾക്കും പരാതി നൽകാം. ഫോൺ: 9819770890. ഇ-മെയിൽ: observerwyd@gmail.com.