പൊതു തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള അനുമതികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ വെബ്സൈറ്റ്. പ്രചാരണ യോഗങ്ങള്‍, ജാഥകള്‍, ഉച്ചഭാഷിണികള്‍, വാഹനങ്ങള്‍, താല്‍ക്കാലിക ഇലക്ഷന് ഓഫീസ്, എന്നിവയ്ക്കുള്ള അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ സുവിധ വെബ്സൈറ്റ് വഴി സമര്‍പ്പിക്കാം. സ്ഥാനാര്‍ഥികള്‍ക്കും പ്രതിനിധികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇതിനായി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി തേടാം. എല്ലാ അപേക്ഷകളും 48 മണിക്കൂര്‍ മുമ്പ് സമര്‍പ്പിക്കണം. പോലീസ് സ്റ്റേഷനുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ മുന്‍കാലങ്ങളില്‍ അനുമതി ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താല്‍ വിവിധ ഓഫീസുകളില്‍ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചുരുങ്ങിയ സമയത്തിനകം അനുമതി ലഭിക്കും. ഏതെങ്കിലും കാരണത്താല്‍ അപേക്ഷ നിരസിച്ചാല്‍ ആ വിവരവും ലഭ്യമാകും. അപേക്ഷ നല്‍കാനായി www.suvidha.eci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മൊബൈല്‍ നമ്പര്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനൊപ്പം തന്നെ അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യാനും കഴിയും. അപേക്ഷ സമര്‍പ്പിച്ച് അല്‍പ്പ സമയത്തിനകം വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ അനുമതി നല്‍കിയോ നിരസിച്ചോ എന്നുളളത് വ്യക്തമാകുന്നതാണ്. അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിച്ചാല്‍ മതിയാകും. എ.ആര്.ഒ ഓഫീസില്‍നിന്നാണ് വാഹനങ്ങള്‍ക്കുള്ള അനുമതി ലഭിക്കുന്നത്. ഏപ്രില്‍ ഒന്നിന് പുതുക്കി നിശ്ചയിച്ച വാഹനനിരക്ക് പ്രകാരമാണ് അനുമതിക്കായി അപേക്ഷ നല്‍കേണ്ടത്.
