കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍, പ്രവൃത്തിപരിചയ പരിശീലനം എന്നിവ ലക്ഷ്യമിട്ടുള്ള കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിന് തുടക്കമായി. കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെയും കൃഷി വകുപ്പ് എന്‍ജിനീയറിങ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പരിശീലനം ആത്മ ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ ടി. ഗിരിജാ ദേവി ഉദ്ഘാടനം ചെയ്തു.
കേടുപാടുകള്‍ സംഭവിച്ചതും ഉപയോഗ ശൂന്യമായതുമായ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തി അവയെ പ്രവര്‍ത്തന സജ്ജമാക്കുകയും കാര്‍ഷിക കര്‍മസേനകള്‍ക്കും കാര്‍ഷിക സേവനകേന്ദ്രങ്ങള്‍ക്കും കൈമാറുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഇതിനായി സംസ്ഥാന കാര്‍ഷിക യന്ത്രവക്കരണ മിഷന്‍ കാര്‍ഷിക യന്ത്ര കിരണ്‍ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. മിഷന്‍ സി.ഇ.ഒ ഡോ.ജയകുമാരന്റെ നേതൃത്വത്തില്‍ പ്രൊജക്ട് എന്‍ജീനിയര്‍, ഭക്ഷ്യസുരക്ഷാ സേനയിലെ രണ്ടു സീനിയര്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവരടങ്ങുന്ന ഏഴംഗ സംഘമാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. കൂടാതെ ജില്ലയിലെ കൃഷി എന്‍ജീനിയറുടെ നേതൃത്വത്തില്‍ കൃഷി മെക്കാനിക്കുകളും യഞ്ജത്തില്‍ പങ്കാളികളാകും.
മലമ്പുഴ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ (കൃഷി) കാര്യാലയത്തില്‍ മെയ് എട്ട് വരെയാണ് നടക്കുന്നത്.
ജില്ലാ കൃഷി എന്‍ജിനീയറിങ് വിഭാഗം മേധാവി സാം.കെ.ജയിംസ്, സീനിയര്‍ മെക്കാനിക് എസ്. സുരേന്ദ്രന്‍, സീനിയര്‍ ഫാം മെഷീനറി ഓപ്പറേറ്റര്‍ കെ.കേശവന്‍, പ്രൊജക്ട് എന്‍ജിനീയര്‍ പി.വി.സോണിയ എന്നിവര്‍ പങ്കെടുത്തു.
