ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, ഐസ് ക്രീം പാര്‍ലറുകള്‍, തട്ടുകടകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യാപാരം നടത്തിയ അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ആറ് സ്ഥാപനങ്ങളില്‍ നിന്നായി 25500 രൂപ പിഴ ഈടാക്കി.
ഒറ്റപ്പാലം, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ മേഖലകളിലുള്ള ഹോസ്റ്റലുകള്‍/ മെസ്സ്/ കാന്റീനുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ക്രമക്കേട് കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങളില്‍ നിന്നായി 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഏപ്രില്‍ മാസം വിവിധ ഭക്ഷ്യവസ്തുക്കളുടെയും പഴവര്‍ഗങ്ങളുടെയും 20 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ എടുത്ത് എറണാകുളം റീജ്യനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാഫലം വരുന്നതിനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ജേക്കബ് തോമസ് അറിയിച്ചു.
