ജില്ലയില്‍ ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്തുന്ന എല്ലാ വ്യക്തികളും സ്ഥാപനങ്ങളും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് 2006 പ്രകാരം ലൈസന്‍സ് എടുക്കുകയും, വിതരണ വാഹനങ്ങളില്‍ കുടിവെള്ളമെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്യണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ ജേക്കബ് തോമസ് അറിയിച്ചു. അംഗീകൃത ലാബില്‍ വെള്ളം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട്, ലൈസന്‍സ് എന്നിവ വാഹനത്തില്‍ സൂക്ഷിക്കണം. എപിക് കോട്ടടായ ടാങ്കറുകള്‍ മാത്രമേ കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കാന്‍ കഴിയൂ. പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ വിതരണത്തിനായി കൊണ്ടുപോകുന്ന വാഹനങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത വിധത്തില്‍ മൂടി ഉള്ളതായിരിക്കണം. 20 ലിറ്റര്‍ ബോട്ടിലുകളില്‍ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ വില്‍പന നടത്തുന്നവര്‍ ഐ.എസ്.ഐ. സര്‍ട്ടിഫിക്കറ്റ് എടുത്തിരിക്കണം. കൂടാതെ കൃത്യമായ ലേബല്‍ വിവരങ്ങളും ബോട്ടിലില്‍ രേഖപ്പെടുത്തണം. നിരന്തരമായ ഉപയോഗം മൂലം പഴകിയതും കേടുവന്നതുമായ 20 ലിറ്റര്‍ ബോട്ടിലുകള്‍ വെള്ളം നിറയ്ക്കാന്‍ ഉപയോഗിക്കരുത്. ഇവ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി ചട്ടങ്ങള്‍ക്കു വിധേയമായി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് 0491 2505081, 8943346599, 7593873314, 8943346189 എന്നീ നമ്പറുകളില്‍ ബന്ധപെടാം.