ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സിഗ്‌നല്‍ തെറ്റിക്കുന്നവരുടെയും അപകടകരമായി വാഹനമോടിക്കുന്നവരുടെയും ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളാണ് ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്നത്. ദേശീയപാതയിലും മറ്റും സിഗ്നല്‍ തെറ്റിക്കുന്നതിനാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ശിക്ഷ നടപടികള്‍ കര്‍ശനമാക്കിയത്.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍, നിയമം തെറ്റിച്ച് ഓവര്‍ടേക്ക് ചെയ്യുന്നവര്‍, അമിതവേഗതയില്‍ പായുന്നവര്‍, എന്നിവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ശിവകുമാര്‍ അറിയിച്ചു.
സിഗ്‌നലുകളില്‍ പച്ച ലൈറ്റ് തെളിയുന്നതിനുമുമ്പ് മറുപുറം കടക്കാന്‍ ശ്രമിക്കുന്നവരാണ് കൂടുതലായും അപകടങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. പച്ച ലൈറ്റ് തെളിഞ്ഞെന്ന് ഉറപ്പാക്കിയതിനു ശേഷമെ വാഹനം ഓടിക്കാവൂ. അപകട നിരക്ക് വര്‍ദ്ധിക്കുന്നതിനാല്‍ വാളയാര്‍ – വടക്കഞ്ചേരി ദേശീയപാതയില്‍ കുരടിക്കാട്, കാഴ്ച പറമ്പ്, കണ്ണന്നൂര്‍, ഇരട്ടക്കുളം എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ജംഗ്ഷനുകള്‍ എത്തുന്നതിനു മുന്‍പ് തന്നെ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാനും മിന്നിത്തെളിയുന്ന ലൈറ്റുകള്‍ സ്ഥാപിക്കാനും തീരുമാനമായി. ഒറ്റപ്പാലം- പട്ടാമ്പി റോഡിലെ കുളപ്പുള്ളി എസ് എം ബി ജംഗ്ഷനിലും കുളപ്പുള്ളി ഹൈ സ്‌കൂളിന് മുന്നിലും അപകട സൂചനാ ബോര്‍ഡ് സ്ഥാപിക്കും.
ട്രാഫിക് ലംഘനം നടത്തുന്നവര്‍ക്ക് പിഴ ഈടാക്കുന്നത് കൂടാതെ ബോധവത്ക്കരണ ക്ലാസ്സുകളില്‍ നിര്‍ബന്ധിതമായി പങ്കെടുക്കേണ്ടതായും വരും. പലതവണ പിഴ ചുമത്തിയിട്ടും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ വര്‍ദ്ധിച്ചതോടെയാണ് മലപ്പുറത്തുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തില്‍ ബോധവത്ക്കരണ ക്ലാസില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.
വാഹന ഉടമകള്‍ ക്യാമറ നിരീക്ഷണത്തില്‍:
നിയമലംഘനം ഉണ്ടായാല്‍ നേരിട്ടല്ലാതെയും പിടിവീഴും
മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍മാര്‍ ഗതാഗത നിയമം ലംഘിക്കുന്ന വാഹന ഉടമകളെ നേരിട്ട് തടഞ്ഞു നിര്‍ത്താതെ ക്യാമറകളുടെ നിരീക്ഷണത്തില്‍ സഹായത്തോടെ നടപടി എടുക്കുന്ന പദ്ധതിയാണ് മൂന്നാം കണ്ണ്. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍, ഹെല്‍മെറ്റ് ധരിക്കാത്തവര്‍ എന്നിവര്‍ക്കെതിരെയാണ് മൂന്നാം കണ്ണിലൂടെ നടപടിയെടുക്കുക. നിയമ ലംഘനം നടത്തുന്ന ഫോട്ടോകള്‍, വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് അടക്കമുള്ള ചിത്രങ്ങള്‍ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍ ശേഖരിക്കും. പിന്നീട് വാഹന ഉടമകള്‍ക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് അയക്കും. ഒരാഴ്ചയ്ക്കുള്ളില്‍ നിയമലംഘനം നടത്തിയ മുന്നൂറിലധികം പേര്‍ക്കെതിരെ പിഴയൊടുക്കാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
അശ്രദ്ധ മാറ്റിനിര്‍ത്തൂ; അപകടവും തീരാദുഖവും ഒഴിവാക്കാം
ജില്ലയില്‍ വാഹനാപകടങ്ങള്‍ ഉണ്ടാവുന്നത് ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമാണെന്ന് അഗ്നിശമന സേനാ ജില്ലാ മേധാവി അരുണ്‍ ഭാസ്‌ക്കര്‍ പറഞ്ഞു. അമിത വേഗത ഒഴിവാക്കി കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉപയോഗിച്ചാല്‍ അപകടം ഒഴിവാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
-സിഗ്‌നലുകളില്‍ പച്ച ലൈറ്റ് കത്തിയതിനു ശേഷം വാഹനങ്ങള്‍ ഓടിക്കുക.
– നിലവാരമുള്ള സുരക്ഷിതത്വമുള്ള ഹെല്‍മറ്റുകള്‍ മാത്രം ഉപയോഗിക്കുക. ഹെല്‍മറ്റ് സ്ട്രിപ്പുകള്‍ കൃത്യമായി ഇടുക,
– കാറിലും മറ്റും യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇടുക. കുട്ടികളെയും മറ്റും ചൈല്‍ഡ് സീറ്റിലും സീറ്റ് ബെല്‍റ്റ് ധരിപ്പിച്ചും സുരക്ഷിതമാക്കിയതിന് ശേഷം മാത്രം രാത്രി ചെയ്യുക.
– രാത്രി 11നു രാവിലെ അഞ്ചിനും ഇടയില്‍ ദീര്‍ഘദൂര രാത്രി യാത്ര ഒഴിവാക്കുക.
– ന്യൂജെന്‍ ബൈക്കുകളും മറ്റും ഓടിക്കുന്നവര്‍ അമിതവേഗം ഒഴിവാക്കുക
– ഓവര്‍ടേക്കിങ് പരമാവധി ഒഴിവാക്കി ലൈന്‍ ട്രാഫിക് പ്രോത്സാഹിപ്പിക്കൂ.