ശബരിമല ശ്രീ അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡലപൂജയ്ക്ക് ചാര്‍ത്തുവാനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്, കെ.പി. ശങ്കരദാസ്, ജില്ലാ കളക്ടര്‍ ആര്. ഗിരിജ, ജില്ലാ പോലീസ് മേധാവി ഡോ. സതീഷ് ബിനോ, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, സ്പെഷല്‍ ഓഫീസര്‍ എന്‍. രാജീവ് കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഘോഷയാത്ര ആരംഭിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നാലു ദിവസവും ഘോഷയാത്രയെ അനുഗമിക്കും. 22 ന് രാവിലെ അഞ്ചുമുതല്‍ ഏഴുവരെ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തങ്കയങ്കി ഭക്തജനങ്ങള്‍ക്ക് ദര്‍ശനം അനുവദിച്ചിരുന്നു. അതിരാവിലെ മുതല്‍ തങ്കയങ്കി ദര്‍ശനത്തിനായി ഭക്തരുടെ വന്‍ തിരക്കാണ് പാര്‍ഥസാരഥി ക്ഷേത്രത്തിലും പരിസരത്തും അനുഭവപ്പെട്ടത്.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനായി നടയ്ക്കു വച്ചതാണ് തങ്കയങ്കി. എല്ലാ വര്‍ഷവും മണ്ഡല പൂജയ്ക്ക് തങ്കയങ്കി ചാര്‍ത്തിയാണ് ദീപാരാധന നടക്കുന്നത്. തങ്കയങ്കി സൂക്ഷിക്കുന്നതിന് പുതുതായി പണികഴിപ്പിച്ച പേടകം 21ന് സന്നിധാനത്ത് സമര്‍പ്പിച്ച ശേഷം 22ന് രാവിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെത്തിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് പുതിയ പേടകം ഏറ്റുവാങ്ങി. ചിറക്കടവ് തിരുവലപ്പള്ളി സ്വദേശി ഹരിദാസാണ് തങ്കയങ്കി സൂക്ഷിക്കുന്നതിനുള്ള പുതിയ പേടകം വഴിപാടായി സമര്‍പ്പിച്ചത്. ശബരിമലയിലെ സ്വര്ണധ്വജത്തിന്റെ തടിപ്പണി നിര്‍വഹിച്ച കായംകുളം പത്തിയൂര്‍ വിനോദ് ബാബു ആചാരിയാണ് പേടകം നിര്‍മിച്ചത്. ഒറ്റത്തടി തേക്കില്‍ നിര്‍മിച്ചിട്ടുള്ള പേടകം പിത്തള പൊതിഞ്ഞ് വെള്ളികൊണ്ടുള്ള ചിത്രപ്പണികള്‍ കൊണ്ടാണ് മനോഹരമാക്കിയിരിക്കുന്നത്.
22ന് വൈകിട്ട് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ എത്തിയ തങ്കയങ്കി ഘോഷയാത്ര 23ന് രാവിലെ എട്ടിന് അവിടെ നിന്നും രണ്ടാം ദിവസത്തെ പ്രയാണം ആരംഭിക്കും. കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പത്തനംതിട്ട ശാസ്താക്ഷേത്രം, കടമ്മനിട്ട ഭഗവതി ക്ഷേത്രം, മേക്കൊഴൂര്‍ ക്ഷേത്രം, മൈലപ്ര ഭഗവതി ക്ഷേത്രം, ഇളകൊള്ളൂര്‍ മഹാദേവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലൂടെ രാത്രി എട്ടിന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി രണ്ടാംദിവസത്തെ പ്രയാണം സമാപിക്കും. 24ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ചിറ്റൂര്‍ മഹാദേവ ക്ഷേത്രം, വെട്ടൂര്‍ ക്ഷേത്രം, മലയാലപ്പുഴ ക്ഷേത്രം, റാന്നി രാമപുരം ക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം എന്നീ സ്ഥലങ്ങളിലൂടെ രാത്രി 8.30ന് പെരുനാട് ശാസ്താ ക്ഷേത്രത്തിലെത്തി മൂന്നാം ദിവസത്തെ പ്രയാണം പൂര്‍ത്തിയാക്കും. 25ന് രാവിലെ എട്ടിന് പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും. പമ്പയില്‍ നിന്നും തങ്കയങ്കികള് ഉച്ചയ്ക്കുശേഷം മൂന്നിന് ഘോഷയാത്രയായി സന്നിധാനത്തേക്ക് തിരിക്കും. അഞ്ചിന് ശരംകുത്തിയിലെത്തും.
ക്ഷേത്ര നട തുറന്ന ശേഷം തങ്കയങ്കി സ്വീകരിക്കുന്ന സംഘം സോപാനത്ത് എത്തി ദര്‍ശനം നടത്തും. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂജിച്ച മാലകള്‍ ഇവരെ അണിയിക്കും. തങ്കയങ്കി സ്വീകരിച്ച് വരുന്ന സംഘത്തിന് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്നതിനുള്ള അയ്യപ്പന്റെ അനുവാദം നല്‍കുന്നതിനാണ് തന്ത്രി ഇവരെ പ്രത്യേക മാല അണിയിക്കുന്നത്. തങ്കയങ്കി സ്വീകരിക്കുന്ന സംഘം ശരംകുത്തിയിലെത്തിയ ശേഷം അവിടെ നിന്നും തീവെട്ടി, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയെ സ്വീകരിച്ച് കൊടിമരച്ചുവട്ടില്‍ എത്തും. അവിടെ നിന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, എക്സിക്യുട്ടീവ് ഓഫീസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരണം നല്കിയ ശേഷം തങ്കയങ്കി പേടകം ക്ഷേത്രത്തിനുള്ളില്‍ എത്തിക്കും. അവിടെ നിന്നും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി എ.വി.ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയും ചേര്‍ന്ന് പേടകം ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങും. തുടര്‍ന്ന് നടയടച്ച് തങ്കയങ്കി അയ്യപ്പ വിഗ്രഹത്തില്‍ അണിയിച്ച് ദീപാരാധാനയ്ക്കായി നട തുറക്കും. അത്താഴപൂജയ്ക്കു ശേഷം തങ്കയങ്കി വിഗ്രഹത്തില്‍ നിന്നും പേടകത്തിലേക്ക് മാറ്റും. 26ന് രാവിലെ 11.04നും 11.40നും മധ്യേയാണ് മണ്ഡലപൂജ. ഈസമയത്ത് തങ്കയങ്കി അയ്യപ്പ വിഗ്രഹത്തില്‍ വീണ്ടും ചാര്‍ത്തും. മണ്ഡല പൂജയ്ക്കു ശേഷം തങ്കയങ്കി വിഗ്രഹത്തില്‍ നിന്നും പേടകത്തിലേക്ക് മാറ്റും. 26ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41 ദിവസത്തെ മണ്ഡല ഉത്സവത്തിന് സമാപനമാകും.