വള്ളിക്കോട് പഞ്ചായത്തിലെ വയലാ വടക്ക് ഗവണ്മെന്റ് എല്‍.പി.സ്കൂളിന് ഇനി സ്വന്തം ജൈവകൃഷി തോട്ടം. സ്ഥലപരിമിതി ഉള്ള സ്കൂളില്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി പ്രകാരം മണ്‍ചട്ടികളില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു. ഇതിന്റെ വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജൈവ പച്ചക്കറി കൃഷി വിപുലമാക്കാന്‍ സ്കൂള്‍ പിറ്റിഎ തീരുമാനിച്ചത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവേശം മനസ്സിലാക്കിയ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള് ജോസഫും വാര്‍ഡംഗം ജെയ്സി കോശിയും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അമ്പിളി ജി.നായരും കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് റോസമ്മ ബാബുജിയും പിന്തുണയുമായി എത്തിയതോടെ സ്വന്തം ജൈവകൃഷി തോട്ടം എന്ന സ്കൂളിന്റെ സ്വപ്നം സഫലമാവുകയാണ്. സ്കൂളിനോട് സമീപത്ത് വള്ളിക്കോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മൈലക്കുളത്തിന്റെ രണ്ട് വശങ്ങളിലായുള്ള ജലസമൃദ്ധമായ പഞ്ചായത്തു വക ഭൂമി ജൈവ പച്ചക്കറി തോട്ടം ഉണ്ടാക്കുന്നതിനായി താത്ക്കാലികമായി സ്കൂളിന് അനുവദിച്ച് നല്കി. കാടുമൂടി കിടന്നിരുന്ന സ്ഥലം കൃഷിയൊരുക്കുന്നതിന് തയ്യാറാക്കി നല്‍കിയത് തൊഴിലുറപ്പ് തൊഴിലാളികളാണ്. ആദ്യഘട്ടത്തില്‍ ഹ്രസ്വകാല വിളകളായ ചീര, വഴുതന, വെണ്ട, തക്കാളി, കാബേജ്, കോളിഫ്ളവര്‍, മുളക് എന്നിവയാണ് കൃഷിയിറക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി വിവിധ ചെടികളും ഔഷധസസ്യങ്ങളും ഉള്‍ക്കൊള്ളിച്ച് ചെറിയ ഒരു ജൈവവൈവിധ്യ ഉദ്യാനവും ഇതോടൊപ്പം തയ്യാറാക്കുന്നുണ്ട്. പ്രദേശത്തെ പ്രധാന കര്‍ഷകനും അവാര്‍ഡ് ജേതാവുമായ ഡി.സത്യവാനാണ് കൃഷിക്ക് ആവശ്യമായ പരിശീലനം അധ്യാപകര്‍ക്കും രക്ഷിതാക്ക ള്‍ക്കും നല്‍കുന്നത്.
സ്കൂളിലെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ജൈവകൃഷിതോട്ടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോള് ജോസഫ് നിര്‍വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് റോസമ്മ ബാബുജി ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്കി. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കായി എസ്എസ്എയുടെ സഹായത്തോടെ പിറ്റിഎ തയ്യാറാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അമ്പിളി ജി.നായര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെയ്സി കോശി, ലേഖ ജയകുമാര്‍, പിറ്റിഎ പ്രസിഡന്റ് കെ.പി.ശ്രീഷ്, ഹെഡ്മിസ്ട്രസ് എ.ജെ.രാധാമണി, എസ്എസ്ജി അംഗങ്ങളായ ഡി.സത്യവാന്, രഘുനാഥന് നായര്‍, എന്‍.വിജയന്, വിജയമോഹനന്‍ ആചാരി, അധ്യാപകരായ ശശികല രാജീവ്, ധന്യ, ജിന്‍സി, സന്ധ്യ, സ്റ്റാഫംഗങ്ങളായ സരോജിനിയമ്മ, ശാന്തമ്മ, ബിന്ദു, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.