മാറുന്ന കാലത്തില്‍ പ്രഥമ പരിഗണന കൃഷി അധിഷ്ഠിത വിദ്യാഭ്യാസത്തിനായിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ കൃഷിയെ രാഷ്ട്ര സേവനത്തിന് കിട്ടിയ അവസരമായി കാണണമെന്നും കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വെളളയാണി കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ പ്രവൃത്തി പരിചയ ഗ്രാമ സഹവാസ ക്യാമ്പ് ‘പൃഥിക’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ട്രന്‍സ് പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കൃഷി പഠനത്തിനായി മത്സരിക്കുന്ന കാലം വിദൂരമല്ല. ഒന്നും കിട്ടിയില്ലെങ്കില്‍ കൃഷി പഠിക്കാന്‍ വരുന്ന സാഹചര്യമെല്ലാം വിസ്മൃതിയാകും.മണ്ണിന്റെ ജൈവികതയെ തിരിച്ചറിയാനും പരിപാലിക്കാനും മനസ്സര്‍പ്പിക്കുന്ന ഗോത്ര കര്‍ഷകരാണ് കൃഷിയുടെ ഏറ്റവും വലിയ പ്രചാരകരും ഉപാസകരും. സര്‍വകാലാശാലകളിലെ ലാബുകളിലേക്കാള് കൃഷിയറിവുകള്‍ ഇവര്‍ക്കിടയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേടാന്‍ കഴിയും. പരമ്പരാഗത മൂല്യങ്ങള്‍ക്കൊപ്പം ഉത്പാദനക്ഷമതയേക്കാള്‍ പോഷക മൂല്യങ്ങള്‍ ഗോത്രകര്ഷകര്ക്കിടയിലുള്ള പാരമ്പര്യ വിത്തുകള്‍ക്കുണ്ട്. പ്രകൃതിക്കിണങ്ങിയ സാങ്കേതിക വിദ്യ ഇവരില്‍ നിന്നും സ്വായത്തമാക്കാന്‍ കൃഷി പഠന വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും. ആദിവാസികള്‍ക്ക് ജീവിതോപാധി മാത്രമല്ല കൃഷി. അവരുടെ അനുഷ്ഠാനത്തിന്റെ ഭാഗം കൂടിയാണിത്. ജീവനുള്ള മണ്ണും മലിനമാകാത്ത വെള്ളവും പുതിയ തലമുറകള്‍ക്കായി ഇവര്‍ കൈമാറി. ഇവയെല്ലാം ഇതു പോലെ തന്നെ സംരക്ഷിക്കപ്പെടേണ്ട സന്ദേശമാണ് സര്‍ക്കാരിന്റെ ഹരിത കേരള മിഷനിലൂടെ നിറവേറ്റപ്പെടുന്നത്. കൃഷിയെയും കര്‍ഷകരെയും സ്നേഹിക്കാന്‍ അറിയാത്ത കൃഷി ഉദ്യോഗസ്ഥരുള്ള സ്ഥലങ്ങളില്‍ കൃഷി വേരോടില്ല. ഇവര്‍ക്കെല്ലാം പകരം നാടിനെയും അതുയര്‍ത്തുന്ന കൃഷി ഉന്നതികളെയെല്ലാം പ്രോത്സാഹിപ്പിക്കുന്നവരെയാണ് ഇനി കാലം സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി അദ്ധ്യക്ഷത വഹിച്ചു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭന്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം ബിന്ദു മനോജ്, നിര്‍മ്മല മാത്യൂസ്, പുഷ്പാ ഭാസ്കരന്, സി.ഫൈസല്‍, വി.ബാലന്, കെ.കുമാര്‍, കെ.എം. സിന്ധു. കെ.രുഗ്മിണി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ജി.എസ്. ശ്രീദയ, വെള്ളയാണി കാര്‍ഷിക കോളേജ് ഡീന്‍ ഡോ. എ.അനില്‍കുമാര്‍, ഡോ.ബി.സീമ, ഡോ.കെ.ആശ, സെബാസ്റ്റ്യന്‍ വി.ജോസഫ്, മിനി സി ഇയാക്കു, സി.കെ.ഹൈദ്രോസ്, ഗോകുല്‍രാജ് എന്നിവര്‍ സംസാരിച്ചു.