രക്തദാനം നടത്തി ജില്ലാ കലക്ടര്‍ ഡോ എസ് കാര്‍ത്തികേയനും ദിനാചരണത്തിന്റെ ഭാഗമായി!. ലോക രക്തദാന ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി ആര് പി മാളില്‍ നടത്തിയ ചടങ്ങിലായിരുന്നു കലക്ടറുടെ മാതൃകാപരമായ പ്രവൃത്തി. ഓരോ മൂന്നു മാസം കൂടുമ്പോഴും നമുക്ക് രക്തം നല്കാന് കഴിയുമെന്നും ഇതിലൂടെ ഒരു ജീവനാണ് നാം രക്ഷിക്കുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന ‘സന്നദ്ധ രക്തദാനം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിലും കലക്ടര്‍ സജീവമായി. ജില്ലാ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ ലാലു സുന്ദരന്‍ സെമിനാര്‍ അവതരിപ്പിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ എസ് സന്ധ്യ മുഖ്യപ്രഭാഷണം നടത്തി.
ദിനാചരണത്തോട് അനുബന്ധിച്ച് ‘മറ്റൊരാള്‍ക്ക് വേണ്ടി ജീവിതം പങ്കുവയ്ക്കുക രക്തം നല്‍കുക’ എന്ന സന്ദേശമുയര്‍ത്തി നടത്തിയ ബോധവത്കരണ പ്രദര്‍ശനം മേയര്‍ വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യം മനസിലാക്കി വരുംതലമുറയെ വളര്‍ത്തിക്കൊണ്ടു വരേണ്ടത് നമ്മുടെ കടമയാണെന്ന് മേയര്‍ പറഞ്ഞു. കൊല്ലം റെയില്‍വേ സ്റ്റേഷന് അഡീഷണല്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ മുജീബ് റഹ്മാന് അധ്യക്ഷനായി.
ഡെപ്യൂട്ടി ഡി എം ഒ ഡോ മണികണ്ഠന്, ജില്ലാ ടി ബി ഓഫീസര്‍ ഡോ എം എസ് അനു, ആര് സി എച്ച് ഓഫീസര്‍ ഡോ കൃഷ്ണവേണി, സ്റ്റേഷന് മാനേജര്‍ എന്‍ കെ സുരാജ്, ടി എ മാരായ എം നാരായണന്, രാജു തോമസ്, ബ്ലഡ് ഡൊണേഷന്‍ ഫോറം സെക്രട്ടറി രാജീവ് പാലത്തറ തുടങ്ങിയവര്‍ പങ്കെടുത്തു.
