ബ്രെയിലി ലാപ്പ്ടോപ്പുകളും നല്കി
ഭിന്നശേഷി സൗഹൃദ പ്രവര്‍ത്തനങ്ങളിലൂടെ പുതിയൊരു മാതൃക തീര്‍ക്കുകയാണ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. ഐ സി ഡി എസുമായി ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഭിന്നശേഷി സൗഹൃദ ഉപകരണങ്ങള്‍ വിതരണം ചെയ്യുകയാണ് ഇവിടെ.
കാഴ്ചപരിമിതര്‍ക്ക് വിരല്‍സ്പര്‍ശത്തിലൂടെ വായിക്കാനും കേള്‍ക്കാനും ടൈപ്പ് ചെയ്യാനും സഹായകമായ ബ്രെയിലി ലാപ്പ്ടോപ്പുകള്‍ വിതരണം ചെയ്ത് തുടങ്ങി. 46,000 രൂപ വിലയുള്ള ആറ് എണ്ണം ഇതുവരെ നല്‍കിയിട്ടുണ്ട്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടിലെ 12. 50 ലക്ഷം രൂപ വിനിയോഗിച്ച് വിവിധ ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളാണ് നല്കി വരുന്നത്. ബ്രെയിലി ലാപ്ടോപ്പുകള്‍ക്ക് പുറമേ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന രണ്ടു പേര്‍ക്ക് 96,000 രൂപ വിലവരുന്ന ഇലക്ട്രിക് വീല്‍ചെയറുകളും നല്കി. ഫോള്‍ഡിങ് വീല്‍ചെയര്‍, വൈറ്റ് കെയ്ന്‍ തുടങ്ങിയ ഉപകരണങ്ങളാണ് 27 ഭിന്നശേഷിക്കാര്‍ക്കായി കൈമാറിയത്.
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ആവശ്യകത കണ്ടെത്തിയാണ് ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നത്. 6.60 ലക്ഷം രൂപ ചെലവഴിച്ച് ഭിന്നശേഷിക്കാരായ ഒമ്പത് സ്ത്രീകള്‍ക്ക് ട്രൈ സ്കൂട്ടര്‍ വിതരണം ചെയ്തു കഴിഞ്ഞു. കൂടുതല്‍ പേര്‍ക്ക് സഹായമെത്തിക്കുമെന്ന് ഇത്തിക്കര ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല പറഞ്ഞു.
ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി സ്കോളര്‍ഷിപ്പ് വിതരണവും നടത്തുന്നുണ്ട്. ഇതിനായി 14 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം ചിലവഴിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്.
