കൊച്ചി: പ്രളയത്തിൽ നശിച്ച കുടുംബശ്രീ കൃഷിയിടങ്ങളുടെ പുനരുജ്ജീവനം എന്ന ലക്ഷ്യത്തോടെയും പുതിയ കാർഷിക സംഘങ്ങളെ വാർത്തെടുക്കുന്നതിനും തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കി കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെയും കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതിയാണ് സമൃദ്ധി. പരിപാടിയുടെ ബ്ലോക്ക്തല ഉദ്ഘാടനം ഏഴിക്കര പഞ്ചായത്തിലെ സമൃദ്ധി സംഘകൃഷി ഗ്രൂപ്പിന്റെ 50 സെന്റ് നിലത്ത് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പള്ളി നിർവ്വഹിച്ചു. പാടത്ത് വിത്ത് വിതച്ചാണ് ഉദ്ഘാടനം നടത്തിയത്. തുടർന്ന് പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ ഔപചാരിക ഉദ്ഘാടനം നടന്നു.
പ്രളയത്തിൽ കൃഷി നശിച്ചുപോയ കർഷക സംഘങ്ങളെ മുന്നോട്ട് കൊണ്ടുവരുന്നതിനാണ് സമൃദ്ധി ആരംഭിച്ചിരിക്കുന്നത്. ഈ സംഘങ്ങളെ 50 ശതമാനം പ്രവർത്തനക്ഷമമാക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ ഓരോ പഞ്ചായത്തിലും അഞ്ച് വീതം സംഘങ്ങൾ ഉണ്ടാക്കണം. ഓരോ പഞ്ചായത്തിലും 10 ഏക്കർ തരിശുനിലം കണ്ടെത്തി അവിടെ കൃഷി ആരംഭിക്കുകയും വേണം.
തുടർച്ചയായി മൂന്ന് വർഷം കൃഷി ചെയ്യുന്ന കർഷക സംഘങ്ങൾക്ക് മാസ് ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റുകൾ ലഭിക്കും. പത്ത് ഏക്കറിൽ ചെയ്യുന്ന കൃഷിയിൽ കുറഞ്ഞത് 30 ശതമാനം ജൈവ കൃഷി കൃഷി ചെയ്യണം എന്നതാണ് സർട്ടിഫിക്കേഷന് വേണ്ടിയുള്ള മറ്റൊരു നിബന്ധന (കർഷക സംഘങ്ങൾ പൂർണ്ണമായും ജൈവ കൃഷി രീതിയാണ് ഉപയോഗിക്കുന്നത്). മാസ് ഏജൻസിയുടെ സർട്ടിഫിക്കേഷൻ ലഭ്യമാകുന്നതോടെ കർഷക സംഘങ്ങൾക്ക് കൂടുതൽ വിശ്വസ്തതയോടെ മാർക്കറ്റുകളിൽ പച്ചക്കറികൾ വിൽക്കാൻ സാധിക്കും. കൃഷി ചെയ്യുന്ന മണ്ണ് മുതൽ കൃഷിയിൽ നിന്ന് ലഭിക്കുന്ന പച്ചക്കറി വരെ വിവിധ പരിശോധനകൾക്ക് വിധേയമാക്കിയതിനു ശേഷമാണ് ഏജൻസി സംഘങ്ങൾക്ക് സർട്ടിഫിക്കേഷൻ നൽകുക.
അഞ്ചു മുതൽ 10 പേരടങ്ങിയ സംഘങ്ങളാണ് ഉണ്ടാക്കുന്നത്. ഇവർക്ക് ആവശ്യമായ എല്ലാ ധനസഹായവും വിത്തുകളും വളങ്ങളുമെല്ലാം കുടുംബശ്രീ വഴിയാണ് ലഭ്യമാക്കുന്നത്. സംഘത്തിലെ മുഴുവൻ അംഗങ്ങളും പട്ടികജാതി വിഭാഗത്തിൽ നിന്നാണെങ്കിൽ പട്ടികജാതി വകുപ്പിൽ നിന്നുള്ള ധനസഹായങ്ങളും കുടുംബശ്രീ വഴി ഇവർക്ക് ലഭ്യമാകും.
പറവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെയും സംരംഭങ്ങളുടെയും ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന സ്റ്റാളിന്റെ ഉദ്ഘാടനം പറവൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജലജ രവീന്ദ്രൻ നിർവഹിച്ചു. ജൈവ പച്ചക്കറികൾ, അച്ചാറുകൾ, കറി പൗഡറുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ സ്റ്റാളിൽ വിൽപ്പനയ്ക്ക് എത്തി. കുടുംബശ്രീ അംഗങ്ങളും പ്രവർത്തകരും നടത്തിയ ഇരുചക്ര വാഹന റാലി പരിപാടിയുടെ ഭാഗമായി നടന്നു. കോട്ടുവള്ളി, വടക്കേക്കര, ഏഴിക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളിൽ നിന്നും പറവൂർ നഗരസഭയിൽ നിന്നുമായി നാനൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. പങ്കെടുത്തവർക്ക് പേപ്പർ ബാഗുകളിൽ പച്ചക്കറി വിത്തുകൾ നൽകി.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.പി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച കൃഷി ഓഫീസർ പ്രദീപ് കൃഷിയെ കുറിച്ച് ക്ലാസ്സെടുത്തു.
ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എ ചന്ദ്രിക, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശാന്ത, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് അംബ്രോസ് കെ.എം, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി. ജി അനൂപ്, കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എം.സി വിജയം കെ, ജില്ലാ മിഷൻ ഡി.പി.എം രമ്യ ടി.ആർ, പളളിയാക്കൽ സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് ജയചന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൺ ഗീത പരമേശ്വരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ: സമൃദ്ധി പരിപാടിയുടെ ബ്ലോക്ക്തല ഉദ്ഘാടനം പാടത്ത് വിത്ത് വിതച്ചു കൊണ്ട് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പള്ളി നിർവ്വഹിക്കുന്നു