കൊച്ചി: പ്രളയത്തിൽ പൂർണമായും മുങ്ങിയ കരിമ്പാടം ധർമ്മാർഥ ദായിനി സഭ സ്കൂൾ ഇന്ന് തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്നത് അതിജീവനത്തിന്റെ കഥയുമായാണ്. ഒൻപത് അടി വെള്ളത്തിൽ മൂന്ന് ദിവസമാണ് സ്കൂൾ വെള്ളത്തിൽ മുങ്ങി നിന്നത്. സ്കൂളിലെ പുസ്തകങ്ങളും രേഖകളും ബെഞ്ചും ഡെസ്കുകളുമെല്ലാം പൂർണമായും നശിച്ചു. ഹൈ ടെക് ഉപകരണങ്ങളും വെള്ളത്തിലായിരുന്നു.
മണ്ണും ചെളിയും നിറഞ്ഞ സ്കൂൾ ആന്തൂർ, കൂത്തുപറമ്പ് നഗരസഭകളിലെ അധ്യക്ഷന്മാരുടെയും ജീവനക്കാരുടെയും സഹായത്തിൽ നാല് ദിവസത്തെ കഠിന പ്രയത്നത്തിന് ശേഷമാണ് വൃത്തിയാക്കാൻ സാധിച്ചത്. ശാസ്ത്ര സാഹിത്യ പരിഷത്തും സഹായത്തിനെത്തി. ഹൈടെക് സ്കൂൾ പദ്ധതിയിലൂടെ സർക്കാർ നൽകിയ 13 ലാപ്ടോപ്പുകളും അഞ്ച് പ്രോജക്ടറുകളും നാശനഷ്ടത്തിൽ പെടുന്നവയാണ്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇവയെല്ലാം സ്കൂളിന് സർക്കാർ തിരിച്ചു നൽകി.
പറവൂർ എം.എൽ.എ വി.ഡി സതീശൻ പതിനായിരത്തോളം നോട്ട് ബുക്കുകളും ഒന്നര ലക്ഷം രൂപ വിലവരുന്ന യൂണിഫോം തുണികളും സ്കൂളിന് ലഭ്യമാക്കി. പല സർക്കാർ അർധ സർക്കാർ സ്കൂളുകൾ, സന്നദ്ധ സംഘടനകൾ എന്നിവയിൽ നിന്നും സ്കൂളിന് ആവശ്യമായ ഡസ്കുകൾ, ബെഞ്ചുകൾ, ബാഗുകൾ, പുസ്തകങ്ങൾ തുടങ്ങിയവയും എത്തിച്ചു.
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട പുസ്തകങ്ങൾ ലഭ്യമാക്കിയത്. മൊബൈൽ ടവർ നിർമ്മാതാക്കളായ ഇൻഡക്സ് ടവേഴ്സ് സ്കൂളിലേക്കുള്ള ലൈബ്രറി പുസ്തകങ്ങളും നൽകി. സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ നിന്നും നഷ്ടമായ കമ്പ്യൂട്ടറുകൾ റോട്ടറി ക്ലബ് ഓഫ് ഗ്രേറ്റർ കൊച്ചിൻ, കിറ്റ്കോയിൽ നിന്നും പത്ത് വീതം ബെഞ്ചും ഡസ്കും, പതിനായിരം രൂപ വിലമതിക്കുന്ന ലൈബ്രറി പുസ്തകങ്ങൾ, 50,000 രൂപയോളം വിലയുള്ള സ്പീക്കർ, റോട്ടറി ക്ലബ് ഓഫ് കൊച്ചിയിൽ നിന്നും വെള്ളം ശുദ്ധീകരണ സംവിധാനം, രണ്ട് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ എന്നിവയും സ്കൂളിന് ലഭിച്ചു.
പ്രളയത്തിന്റെ ഭീകരത പൂർണമായും തുടച്ചുമാറ്റി വർണാഭമായ പുതിയ ഒരിടത്തിലേക്കാണ് ഡി.ഡി സഭ സ്കൂൾ പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വരവേറ്റത്.
ക്യാപ്ഷൻ: 1. പ്രളയത്തിൽ മുങ്ങിയ ഡി.ഡി സഭ സ്കൂൾ
2. പുനരുജ്ജീവിപ്പിച്ച ഡി.ഡി സഭ സ്കൂൾ