കൊച്ചി: വൈപ്പിൻ ബ്ലോക്കിൽ കർഷകർക്കായി ബോധവൽക്കരണ സെമിനാർ നടത്തി. സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ക്ഷീരവികസന വകുപ്പ്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാർ നടത്തിയത്.
സെമിനാറിൽ കൃഷി ഗ്രൂപ്പുകൾക്ക് തൊഴിലുറപ്പുമായി ബന്ധപ്പെട്ട് പച്ചക്കറി കൃഷി ചെയ്യുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകി. ഓരോ പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് ഗ്രൂപ്പുകൾ തരിശുഭൂമി കണ്ടെത്തി കൃഷി ആരംഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കും. കൃഷിഭവൻ കൃഷിക്ക് ആവശ്യമായ വിത്ത് തൈ വളം എന്നിവ വിതരണം ചെയ്യും. ക്ഷീര വകുപ്പിന്റെ ജൈവവളങ്ങളും കർഷകർക്ക് ലഭ്യമാക്കും .
ബ്ലോക്കിൽ വിഷ രഹിത പച്ചക്കറി കൃഷി വ്യാപകമാകുന്നതിന്റെ ഭാഗമായിട്ടാണ് ബ്ലോക്ക് പഞ്ചായത്തും കൃഷി വകുപ്പും ക്ഷീരവികസന വകുപ്പും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ , കൃഷി അസിസ്റ്റൻറ് ഡയറക്ടർ അനിതാ വിജയൻ, കൃഷി ഓഫീസർ അനൂജ ജോർജ്, എടവനക്കാട് കുഴിപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ, കെ.യു. ജീവൻ മിത്ര, രജിത സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.