കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും കാലത്ത് വനസംരക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും വനം വകുപ്പ് ജീവനക്കാരുടെ ഉത്തരവാദിത്വം കൂടുതലാണെന്നും വനം-വന്യജീവി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. വനംവകുപ്പിന്റെ തിരുവനന്തപുരത്തെ അരിപ്പയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 11-മത് ബാച്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ട്രെയ്നി, അരിപ്പ, വാളയാര്‍ കേന്ദ്രങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ട്രെയ്നി എന്നിവരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വാളയാറിലെ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിട്ട്യൂട്ട് പരേഡ് ഗ്രൗണ്ടില്‍ നടന്ന പാസിംഗ് ഔട്ട് പരേഡ്, ജീവനക്കാരുടെ ബിരുദദാനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. വനംവകുപ്പില്‍ ജോലിചെയ്യാന്‍ കൂടുതല്‍ സ്ത്രീ ജീവനക്കാരും വിദ്യാസമ്പന്നരും കടന്നുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനമാണ് വനിതകള്‍ ഈ മേഖലയില്‍ നടത്തുന്നത്. ജീവനക്കാര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സൗകര്യമൊരുക്കാനും വനത്തിനകത്ത് ഫോറസ്റ്റ് സ്റ്റേഷനുകള്‍ ഒരുക്കും. പത്തെണ്ണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. 15 എണ്ണംകൂടി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വാളയാര്‍ പരിശീലന കേന്ദ്രത്തിലെ രണ്ട് ഗ്രൗണ്ടുകളും ആധുനീകരിക്കും. വനംവകുപ്പിലേക്ക് ആവശ്യമായ ആയുധങ്ങള്‍ ലഭ്യമാക്കി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും നീന്തല്‍കുളം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് മന്ത്രി ട്രെയിനികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വനവും ജലവും മനുഷ്യന്റെ നിലനില്‍പ്പിന്റെ ഭാഗമായതിനാല്‍ വന-ജല വിഭവ വകുപ്പുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും വനത്തിനകത്തെ ആദിവാസി വിഭാഗത്തിന് ഉപദേശവും സഹായവുമായി പ്രവര്‍ത്തിക്കാന്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് കഴിയണമെന്നും പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ട്രെയ്നികള്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ.കെ അനൂപ് പരേഡ് നയിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.വി മണിക്കുട്ടന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എ രമിത, എം ജിതിന്, ബി.ശ്രീജിത് എന്നിവര്‍ പ്ലാറ്റൂനുകളെ നയിച്ചു. അരിപ്പ, വാളയാര്‍ എന്നീ പരിശീലന കേന്ദ്രത്തില്‍നിന്നും 104, 105, 73 ബാച്ചുകളിലായി പരിശീലനം പൂര്‍ത്തിയാക്കിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ട്രെയ്നികളാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത്. 36 പേരാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവരില്‍ ഒരാള്‍ നിയമബിരുദധാരിയും ഒരാള്‍ എന്‍ജിനീയറും ആറു പേര് ബിരുദാനന്തര ബിരുദവും 21 പേര് ബിരുദധാരികളുമാണ്. പ്ലസ്ടു വാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ അടിസ്ഥാന യോഗ്യത.113 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരില്‍ 18 പേര് ബിരുദാനന്തര ബിരുദവും 40 ബിരുദധാരികള്‍, എട്ട് ഡിപ്ലോമാക്കാര്‍, 11 ബി.എഡ്, 15 ബിടെക്, ഒരു എം.ടെക്, ഒരു എം.ബി.എ, ഏഴ് ഹയര്‍ സെക്കന്‍ഡറി, അഞ്ച് എസ്.എസ്.എല്‍.സി ക്കാരും ഉള്‍പ്പെടുന്നു. ആകെ 17 വനിതകളാണ് പുതുതായി ബീറ്റ് ഓഫീസര്‍ ആവുന്നത്. നാല് ബിരുദം, നാല് ബിരുദാനന്തര ബിരുദം, അഞ്ച് ബി.എഡ്, ഒരു ബി.ടെക്, ഒരു എം.ടെക് യോഗ്യതയുള്ളവരും ഉള്‍പ്പെടുന്നു. തുടര്‍ന്ന് ജീവനക്കാരുടെ പ്രകടനങ്ങളും നടന്നു.

ചീഫ് ഫോറസ്റ്റ് കണ്സറവേറ്ററും വനംവകുപ്പ് മേധാവിയുമായ പി. കെ. കേശവന് അധ്യക്ഷനായ പരിപാടിയില്‍ എ.പി.സി.സി.എഫ് വി.വി. ഷാജിമോന്‍, വാളയാര്‍ എസ്.എഫ്.ടി.ഐ ഡയറക്ടര്‍ ആര്.കീര്‍ത്തി, അരിപ്പ എസ്.എഫ്.ടി.ഐ ഡയറക്ടര്‍ ഡോണി ജി വര്‍ഗീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ മാത്യു, വിവിധ റീജ്യന് ഉദ്യോഗസ്ഥരായ രാജേഷ് രവീന്ദ്രന്, പി.പി.പ്രമോദ്, ബി.എന്‍. അഞ്ജന്‍കുമാര്‍, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ നരേന്ദ്രനാഥ് വേലൂരി എന്നിവര്‍ സംസാരിച്ചു.