ജില്ലയിൽ ഭൂമിയില്ലാത്ത 3215 ആദിവാസി കുടുംബങ്ങളെയും പുനരധിവസിക്കുന്നതിനായി സാധ്യമായ ഭൂമി കണ്ടെത്തുമെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ പറഞ്ഞു. ആദിവാസി പുനരധിവാസത്തിന് ഭൂമി കണ്ടെത്താൻ നാലു വഴികളാണ് ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലുള്ളത്.
കാശുക്കൊടുത്ത് ഭൂമി വാങ്ങിക്കുക, ആദിവാസികൾക്ക് വിതരണം ചെയ്തിട്ടും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി നിയമപരമായി ഏറ്റെടുക്കുക, വനം വകുപ്പ് വിട്ടുനല്‍കിയ ഭൂമി ഉപയോഗിക്കുക, കൈയേറിയ ഭൂമി സാധ്യമായ രീതിയിൽ ഒഴിപ്പിക്കുക എന്നിവയാണ് ആദിവാസി പുനരധിവാസത്തിനായി പരിഗണിക്കുന്നത്. ഇതിൽ വനം വകുപ്പ് വിട്ടുനല്‍കിയ ഭൂമി ആദ്യഘട്ടത്തിൽ അർഹതപ്പെട്ട ആദിവാസികൾക്ക് വിതരണം ചെയ്യും.
സ്ഥലത്തിന്റെ പരിമിതി പരിഹരിക്കാനും കാലതാമസം ഒഴിവാക്കാനും 10 സെന്റിൽ ഒരു വീടെന്ന ആശയമാണ് ജില്ലാ ഭരണകൂടം മുന്നോട്ടു വയ്ക്കുന്നത്. നിലവിൽ സർവ്വേ നടത്തി കണ്ടെത്തിയ കാരാപുഴ, വാകേരി സിസി, അറമല തുടങ്ങിയ സ്ഥലങ്ങൾ വാസയോഗ്യമായ സാഹചര്യമാണുള്ളത്.
മറ്റുള്ള സ്ഥലങ്ങളുടെ സാഹചര്യങ്ങളും പരിശോധിച്ച് ഗുണഭോക്താക്കളുടെ പ്രദേശത്തിന് അടുത്ത് തന്നെ പുനരധിവാസം സാധ്യമാക്കും. ഇതിനായി ട്രൈബൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളുടെ യോഗം ചേരും. തുടർന്ന് സ്ഥലങ്ങളുടെയും ഗുണഭോക്താക്കളുടെയും വിവരങ്ങൾ തയ്യാറാക്കി സർക്കാരിനു സമർപ്പിച്ച് അനുമതി തേടും.
നിലവിലെ അവസ്ഥ പരിശോധിക്കും
1999-ലെ കെഎസ്ടി ആക്ട് അനുസരിച്ച് ജില്ലയിൽ 660 പേർക്കാണ് 486 ഏക്കർ ഭൂമി ആദിവാസി പുനരധിവാസത്തിന്റെ ഭാഗമായി വിതരണം ചെയ്തത്. എന്നാൽ ഈ ഭൂമിയിൽ നാമമാത്രമായ ഗുണഭോക്താക്കളാണ് താമസ്സത്തിനെത്തിയത്. ഈ സാഹചര്യത്തിൽ വിതരണം ചെയ്ത ഭൂമിയുടെ നിലവിലെ അവസ്ഥ പരിശോധിക്കും.
ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി നിയമപരമായി നോട്ടിസ് നല്കി ഏറ്റെടുത്ത് അവശേഷിക്കുന്ന ആദിവാസികൾക്ക് നൽകാനാണ് ആലോചിക്കുന്നത്. ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരോട് ആഗസ്റ്റ് ഒൻപതിനു മുമ്പായി മുഴുവൻ ഗുണഭോക്താക്കൾക്കും നോട്ടീസ് നല്കാൻ നിർദേശം നല്കി. എതിർപ്പുകൾ രേഖപ്പെടുത്തേണ്ട അവസാന തീയതി 24 ആണ്.
തഹദിൽമാർ 26 ന് വിവരങ്ങൾ ക്രോഡീകരിക്കണം. ആഗസ്റ്റ് 27 കളക്ടറുടെ അധ്യക്ഷതയിൽ വീണ്ടും അവലോകന യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ ഗുണഭോക്താക്കൾ ഭൂമി ഏറ്റെടുക്കാത്തതിന്റെ കാരണം കണ്ടെത്താനും വെറുതെ കിടക്കുന്ന ഭൂമി അർഹതപ്പെട്ടവർക്ക് ലഭ്യമാക്കാൻ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ.