കോര്‍പറേഷനില്‍ കെട്ടിടനിര്‍മാണ അദാലത്ത് നടത്തി
സാധാരണക്കാരെ ബുദ്ധിമുട്ടിക്കാനല്ല നിയമങ്ങളെന്നും ജനങ്ങള്‍ക്ക് അനുകൂലമാവുന്ന രീതിയില്‍ അതിനെ വ്യാഖ്യാനിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. കണ്ണൂര്‍ കോര്‍പറേഷനില്‍ നടന്ന കെട്ടിടനിര്‍മാണ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ അനുമതികള്‍ക്കുള്ള അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാലതാമസം അനുവദിക്കാനാവില്ല. കെട്ടിടനിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ചട്ടങ്ങളെ കുറിച്ച് സാധാരണക്കാര്‍ക്ക് ശരിയായ ധാരണയില്ലാത്തതും പരാതികള്‍ പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കൂട്ടായ ശ്രമങ്ങള്‍ നടക്കാത്തതുമാണ് പ്രശ്നം.
ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാവാത്ത അപേക്ഷകള്‍ പരിശോധിച്ച് ചെറിയ പ്രശ്നങ്ങള്‍ പരിഹരിച്ച് റഗുലറൈസ് ചെയ്യാന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ നേതൃത്വത്തിലുള്ള സമിതിക്ക് നിയമപ്രകാരം അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭാവന നല്‍കാത്തതുള്‍പ്പെടെയുള്ള രാഷ്ട്രീയ തര്‍ക്കങ്ങളും അനര്‍ഹമായി പണം സമ്പാദിക്കാനുള്ള താല്‍പര്യങ്ങളുമാണ് പലപ്പോഴും കെട്ടിടാനുമതികള്‍ നല്‍കുന്നതില്‍ തടസങ്ങളായി വരുന്നതെന്നാണ് അനുഭവമെന്നും മന്ത്രി പറഞ്ഞു.
കെട്ടിടനിര്‍മാണ നിയമങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഇവ ലളിതമായി വിശദീകരിക്കുന്ന ലഘുലേഖകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ലഭ്യമാക്കും. ചെറിയ പ്രശ്നങ്ങള്‍ നിയമവിധേയമായിത്തന്നെ എങ്ങനെ പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മാതൃക നല്‍കുന്നതിനായാണ് ഇത്തരം അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. വന്‍കിടക്കാരുടെ നിയമലംഘനങ്ങള്‍ നിയമവിധേയമാക്കാനുള്ളതല്ല അദാലത്തുകളെന്നും മന്ത്രി പറഞ്ഞു.
72 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇവയില്‍ ഏഴെണ്ണത്തില്‍ അദാലത്തിനു മുമ്പു തന്നെ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയ ശേഷം അനുമതികള്‍ നല്‍കി. ഇവര്‍ക്കുള്ള അനുമതി പത്രം ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. ബാക്കിയുള്ള അപേക്ഷകളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു.
വീടിന്റെ താഴെനിലയ്ക്ക് അനുമതി നല്‍കുകയും എന്നാല്‍ ഒന്നാം നിലയ്ക്ക് ഭൂമി കൃഷിഭൂമി നികത്തിയതല്ലെന്ന് തെളിയിക്കണമെന്നാവശ്യപ്പെട്ട് അനുമതി നിഷേധിച്ചതും താഴെ നിലയ്ക്കും രണ്ടാം നിലയ്ക്കും അനുമതി ലഭിച്ച വ്യാപാര സ്ഥാപനത്തിന് വശങ്ങളില്‍ ആവശ്യമായ അകലം പാലിച്ചില്ലെന്ന കാരണത്താല്‍ ഒന്നാംനിലയ്ക്ക് അനുമതി നല്‍കാത്തതും ഉള്‍പ്പെടെയുള്ള കേസുകള്‍ പരിഗണിച്ച മന്ത്രി ഇവയ്ക്ക് എത്രയും വേഗം അനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം വ്യാപാര സ്ഥാപനത്തിലെ മറ്റു ചില ചട്ടലംഘനങ്ങള്‍ പരിഹരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.