കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയില്‍ നടപ്പാക്കുന്ന ബ്രിഡ്ജ് സ്‌കൂള്‍, ബ്രിഡ്ജ് കോഴ്സ് പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ മാറ്റത്തെക്കുറിച്ച്  ജില്ലാ വിദ്യാഭ്യസ പരിശീലന കേന്ദ്രം നടത്തിയ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി പ്രത്യേക വിദ്യാഭ്യാസ  സെമിനാര്‍ സംഘടിപ്പിച്ചു.
പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍  പി.സൈതലവി അധ്യക്ഷനായി. അട്ടപ്പാടിയില്‍ കുടുംബശ്രീ വഴി ഊരുകളില്‍ നടപ്പക്കുന്ന വിദ്യാഭ്യസ ഇടപെടല്‍ പൊതു വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമതയെ ഗുണപരമായി സ്വാധീനിച്ചുവെന്നും ഗോത്ര വിഭാഗങ്ങളിലെ കുട്ടികളുടെ സമഗ്ര വികസനത്തിന് കുടുംബശ്രീ ഇടപെടല്‍ സഹായകമായെന്നും പഠന വിഷയം അവതരിപ്പിച്ച് ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.ജയറാം പറഞ്ഞു.
തുടര്‍ന്ന് ആദിവാസി മേഖലയിലെ പഠന പിന്നാക്കാവസ്ഥയുടെ കാരണങ്ങള്‍െ, പ്രതിവിധികള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ സ്‌കൂള്‍ പഠനത്തില്‍ നിന്നും കൊഴിഞ്ഞു പോയ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 294  കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കാന്‍ സാധിച്ചത് പദ്ധതിയുടെ നേട്ടമാണെന്ന്  ചര്‍ച്ച അഭിപ്രായപ്പെട്ടു.
സെമിനാറില്‍ ഡയറ്റ് പ്രിന്‍സിപ്പള്‍ ഡോ.രാജേന്ദ്രന്‍ മോഡറേറ്ററായി. എസ്.എസ്.എ ജില്ലാ പ്രേഗ്രാം ഓഫീസര്‍  ജയരാജ്, പട്ടികവര്‍ഗ വികസന ഓഫീസര്‍ മല്ലിക, അട്ടപ്പാടി കുടുംബശ്രീ മിഷന്‍ പ്രേജക്ട് മാനേജര്‍  സിന്ധു, വൈ.പി.സുധീഷ് കുമാര്‍, കുടുംബശ്രീ പഞ്ചായത്ത് സമിതി ഭാരവാഹികള്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, അട്ടപ്പാടി മേഖലയിലെ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍,  ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് അധ്യാപകര്‍, ബ്രിഡ്ജ് സ്‌കൂള്‍ സംഘാടകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.