കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴ മൂലം മൂലമറ്റത്ത് മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങള്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്  സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മൂലമറ്റം കോട്ടമല ആശ്രമം റോഡ് കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞദിവസം തകര്‍ന്നിരുന്നു. ഇതുമൂലം മേമുട്ടം ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.  ഡീന്‍ കുര്യാക്കോസ് എംപി,  റോഷി അഗസ്റ്റിന്‍ എംഎല്‍എ തുടങ്ങിയവര്‍ മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.

പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ  മന്ത്രിയും സംഘവും ഇടിഞ്ഞ റോഡിന് എതിര്‍വശത്തുള്ള മേമുട്ടം ഭാഗത്തെ പ്രദേശവാസികളോട് സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. റോഡ് ഇടിഞ്ഞു പോയിരിക്കുന്നതിനാല്‍ പൂര്‍ണമായും ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന  അവസ്ഥയാണെന്നും കഴിഞ്ഞ ദിവസം നടന്ന ജില്ലാതല യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്തിരുന്നു എന്നും മന്ത്രി പറഞ്ഞു.

താല്‍ക്കാലികമായി ജനങ്ങള്‍ക്ക് നടന്ന്  പോകുന്നതിനുള്ള സൗകര്യം ഉടനടി നിര്‍മിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടാതെ ശാശ്വതമായ പരിഹാരമെന്നോണം റോഡിനു അടിയിലൂടെ നീരൊഴുക്കിന്് സൗകര്യമൊരുക്കി ശാസ്ത്രീയമായി റോഡ് നിര്‍മ്മിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ മൂലമറ്റം ആശ്രമം റോഡ് പുനരുദ്ധരിക്കുവാന്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ 32 കോടി അനുവദിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. ഇത്തരത്തില്‍ ഉറവ ഉണ്ടാകുവാന്‍  സാധ്യതയുള്ള പ്രദേശങ്ങളുടെ പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് തുടര്‍ നിര്‍മാണം നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ എംഎല്‍എ കെ കെ ജയചന്ദ്രന്‍, അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ഗോപിനാഥ്, പഞ്ചായത്ത് മെമ്പര്‍ കെ എല്‍ ജോസഫ്, രമ, എടി മാത്യു തുടങ്ങിയവരും പ്രദേശവാസികളും സ്ഥലത്തെത്തിയിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം തകര്‍ന്ന തൊടുപുഴ കുടയത്തൂര്‍ മുതിയാമല -കൈപ്പ റോഡും മന്ത്രി സന്ദര്‍ശിച്ചു.

പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിലുള്‍പ്പെടുത്തി കഴിഞ്ഞവര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കൈപ്പ റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചു പോയി. സമീപത്തെ കൃഷിഭൂമിയും നശിച്ചു. 915 മീറ്റര്‍ നീളമുള്ള റോഡ് 127 ലക്ഷം രൂപ മുതല്‍മുടക്കിയാണ് നിര്‍മിച്ചിരുന്നത്. ഡീന്‍ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയന്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.