മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്ത് 1621 ക്യാമ്പുകളിലായി കഴിയുന്നത് 74,395 കുടുംബങ്ങളിലെ 2,54,339 പേർ. വൈകിട്ട് മൂന്നുമണിവരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം 67 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത് കോഴിക്കോടാണ്- 317. തൃശൂരിൽ 245 ഉം, മലപ്പുറത്ത് 237 ഉം, വയനാട്ടിൽ 207 ക്യാമ്പുകളുമാണുള്ളത്. കൊല്ലത്ത് നിലവിൽ ക്യാമ്പുകളില്ല. തിരുവനന്തപുരത്ത് എട്ടു ക്യാമ്പുകളാണുള്ളത്. ഏറ്റവും കൂടുതൽ ആളുകൾ ക്യാമ്പുകളിലുള്ളത് മലപ്പുറത്താണ്- 54,139 പേർ.

മൂന്നുമണിവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 265 വീടുകളാണ് മഴക്കെടുതിയിൽ പൂർണമായി തകർന്നത്. 2787 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. രാവിലെ സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിലെത്തി വിലയിരുത്തിയിരുന്നു. തുടർന്ന്, സെക്രട്ടേറിയറ്റിൽ ഉന്നതതലയോഗവും ചേർന്നു.

യോഗത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, സതേൺ എയർ കമാൻറ് എയർ ഓഫീസർ ഇൻ ചാർജ് എയർ മാർഷൽ ബി. സുരേഷ്, പാങ്ങോട് സൈനിക ക്യാമ്പ് സ്റ്റേഷൻ കമാൻറൻറ് ബ്രിഗേഡിയർ അരുൺ സി.ജി, പോലീസ് അഡൈ്വസർ രമൺ ശ്രീവാസ്തവ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ, ഫയർ ആൻറ് റസ്‌ക്യൂ ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ, എ.ഡി.ജി.എി ഷെയ്ഖ് ദർവേഷ് സാഹിബ്, എ.ഡി.ജി.പി ഇൻറലിജൻസ് ടി.കെ. വിനോദ്കുമാർ, അഡീ. ചീഫ് സെക്രട്ടറിമാരായ വിശ്വാസ് മേത്ത, ടി.കെ. ജോസ്, പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ. വി. വേണു, ഡോ. എ. ജയതിലക്, ബിശ്വനാഥ് സിൻഹ, ഡോ. രാജൻ ഘോബ്രഗഡേ, സെക്രട്ടറിമാരായ ആനന്ദ് സിംഗ്, മിനി ആൻറണി, എ. ഷാജഹാൻ, ഡോ. ശർമിള മേരി ജോസഫ്, ഡോ. ബി. അശോക്, കെ.എസ്.ഇ.ബി സി.എം.ഡി എൻ.എസ്. പിള്ള, വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ ടി. രവീന്ദ്രൻ, വിവിധ വകുപ്പു ഡയറക്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു.