കൊല്ലത്തിന്റെ വികസന രൂപരേഖയില്‍ തുറമുഖ വികസനത്തിന് മുഖ്യ പ്രാധാന്യം നല്കി നഗരത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കാമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം കോര്‍പറേഷന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ ഡിസൈനേഴ്സ് ഇന്ത്യയുടേയും നേതൃത്വത്തില്‍ ഹോട്ടല്‍ റാവിസില്‍ നടത്തുന്ന അര്‍ബന്‍ ഡിസൈനേഴ്സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കണം. അഷ്ട്ടമുടി കായല്‍ സംരക്ഷിച്ചുള്ള വികസനമാണ് നടപ്പിലാക്കേണ്ടത്. സാധാരണ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി വികസനത്തിന്റെ ഭാഗമായുള്ള പുനരധിവാസം നടത്തും. പരമ്പരാഗത വ്യവസായങ്ങളെയും ശക്തിപ്പെടുത്തികൊണ്ടുള്ള വികസന രൂപ രേഖയാണ് പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മേയര്‍ അഡ്വ വി. രാജേന്ദ്രബാബു, എന്‍. കെ. പ്രേമചന്ദ്രന് എം. പി., ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, ഐ. യു. ഡി. ഐ. പ്രസിഡന്റ് അനുരാഗ് ചൗഫ്ലാ, സ്ഥാപക പ്രസിഡന്റ് പ്രൊഫ. കെ. ടി. രവീന്ദ്രനാഥ്, പ്രൊഫ. പി. വി. കെ രാമേശ്വര്‍, പ്രൊഫ. യുജിന്‍ പണ്ടാല, ഐ. യു. ഡി. ഐ. സെക്രട്ടറി ഡോ. മനോജ് കുമാര്‍ കിണി, ജില്ലാ ടൗണ്‍ പ്ലാനര്‍ എം. വി. ശാരി , നഗരസഭാ പ്രതിപക്ഷ നേതാവ് എ. കെ. ഹഫീസ് തുടങ്ങിയവര്‍ സംസാരിച്ചു.
രാജ്യാന്തര നിലവാരത്തില്‍ കൊല്ലം നഗരത്തെ മാറ്റുന്നതിനായുള്ള രൂപ രേഖ തയ്യാറാക്കുന്നതിന് സംഘടിപ്പിച്ച കോണ്‍ക്ലേവ് ഇന്ന് (സെപ്തംബര്‍ 22 )സമാപിക്കും.
