ഇടുക്കി: ദേശീയ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ ഇന്നാരംഭിക്കും. 800ലധികം പുരുഷ വനിതാ കായികതാരങ്ങള്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പില്‍ വിജയികളാകുന്നവര്‍ ഈ വര്‍ഷം ഡിസംബറില്‍ കസാഖിസ്താനില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
ചാംപ്യന്‍ഷിപ്പിനായി എത്തിയ മത്സരാര്‍ത്ഥികള്‍ക്ക് പാവനാത്മ കോളേജിന്റെയും സംഘാടക സമിതിയുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോണ്സന് വി, വൈസ് പ്രിന്‍സിപ്പല്‍ റവ ഡോ.ബെനോ പുതിയപറമ്പില്‍, റവ.ഡോ.ജെയിംസ് പുന്നപ്ലാക്കല്‍, സംഘാടക സമിതി കണ്‍വീനര്‍മാരായ നോബിള്‍ ജോസഫ്, ഡൊമിനി വി. എ, ജിജോ ജോര്‍ജ്, കെ.എ.അലി, തങ്കച്ചന് കാരക്കാവയലില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആദ്യബാച്ച് മത്സരാര്‍ത്ഥികളെ സ്വീകരിച്ചു. ആസാം, ഗുജറാത്ത് , ആന്‍ഡമാന്‍ , ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമംഗങ്ങളാണ് ആദ്യം വന്നത് . കേരളത്തില്‍ നിന്നുള്ള 63 പേരടങ്ങുന്ന സംഘവുമുണ്ട്.
250 ലധികം ഒഫീഷ്യല്‍സ്, വോളന്റിയേഴ്സ് എന്നിവര്‍ അടക്കം 1200 പേര്‍ക്കുള്ള താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും കോളേജില്‍ പൂര്‍ത്തിയാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, കുടുംബശ്രീ, എന്നിവയുടെ മുപ്പതിലധികം സ്റ്റാളുകള്‍, ടൂര്‍ പാക്കേജുകള്‍ എന്നിവയുമുണ്ട്.
ആദ്യമായി ജില്ലയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ആവേശം പൂര്‍ണമായും ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുത്തു. ഉത്ഘാടന ദിവസമായ ഇന്ന്(26.9) ഇരുപതിനായിരത്തോളം പേര് പങ്കെടുക്കുന്ന വര്‍ണാഭമായ വിളബര ജാഥയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍, വാത്തിക്കുടി പഞ്ചായത്തിലെ മുഴുവന്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരെ കൂടാതെ വിവിധ സംസ്ഥാനങ്ങളുടെ പ്ലോട്ടുകള്‍ കേരളത്തിന്റെ തനതു കലാ രൂപങ്ങള്‍ എന്നിവയും അണിനിരക്കും.
ഉച്ചകഴിഞ്ഞു 1.30 നു വാത്തിക്കുടി പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്ത് വാര്‍ഡുകള്‍ , സ്കൂളുകള്‍ , കോളേജുകള്‍ , കുടുംബശ്രീ യൂണിറ്റുകള്‍ , പ്ലോട്ടുകള്‍ എന്നിവയ്ക്ക് സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് . തുടര്‍ന്ന് നടക്കുന്ന ഉത്ഘാടന സമ്മേളനത്തില്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന് നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിവിധ കലാകാരന്മാര് ചേര്‍ന്ന് അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും.