കൊച്ചി: കോളേജ് വിദ്യാർഥികൾ റോഡ് അപകടങ്ങളിൽപ്പെടുന്നത് കുറയ്ക്കുന്നതിനും, സുരക്ഷിതമായ റോഡ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ സ്മാർട്ട് ക്യാംപസ് പദ്ധതിക്ക് തുടക്കമായി.

ജില്ലയിൽ ഏറ്റവും അപകടകരമായി വാഹനം ഉപയോഗിക്കുന്ന എട്ട് കോളേജുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഈ കോളേജുകളിലേക്ക് വാഹനങ്ങളിൽ വരുന്ന കുട്ടികളുടെ ഫോൺ നമ്പറും പേരും വാഹനത്തിന്റെ രജിസ്റ്റർ നമ്പറും അടക്കുള്ള വിവരങ്ങൾ ശേഖരിക്കും. സിസിടിവി ക്യാമറകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയും അപകടരമായി വാഹനം ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കും. അങ്ങിനെയുള്ളവർക്ക് കനത്ത ശിക്ഷ ഏർപ്പെടുത്തും.

പദ്ധതിയുടെ ഭാഗമായി എല്ലാ കോളേജുകളിലും പുതിയ റോഡ് നിയമങ്ങളെക്കുറിച്ചും പിഴയെ കുറിച്ചും ബോധവൽക്കരണം നടത്തും. ഓരോ കോളേജും മോട്ടോർ വാഹന വകുപ്പിന്റെ സ്ക്വാഡുകളുടെ കർശന നിരീക്ഷണത്തിലായിരിക്കുമെന്ന് എൻഫോഴ്സ്മെൻറ് ആർ ടി ഒ അനന്തകൃഷ്ണൻ അറിയിച്ചു.
വാഹനത്തിൽ രൂപമാറ്റം വരുത്തുന്നതും അപകടകരമായി ഉപയോഗിക്കുകയും ചെയ്യുന്നത് കർശനമായി തടയുമെന്ന് പദ്ധതി വിശദീകരിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാർ പറഞ്ഞു.