പത്തനംതിട്ട: പ്ലാസ്റ്റിക് എന്ന വിപത്തിനെ ആത്മാര്‍ഥമായി എങ്ങനെ നേരിടാമെന്ന നിര്‍ദേശങ്ങളും ചോദ്യങ്ങളുമായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികള്‍ക്കടുത്തേക്ക് എത്തി. ഏറ്റവും കൂടുതല്‍ ചോക്കലേറ്റും ലെയിസും ഉപയോഗിക്കുന്നത് ആരൊക്കെ എന്നതായിരുന്നു ചോദ്യങ്ങളില്‍ പ്രധാനം.
ഭൂരിഭാഗം കുട്ടികളും കൈ ഉയര്‍ത്തിയതോടെ അവരില്‍ രണ്ടുപേരെ അടുത്തേക്ക് വിളിച്ച് ആദ്യമായി കഴിച്ച ചോക്ക്‌ലേറ്റിന്റെ റാപ്പ് എന്തു ചെയ്‌തെന്നായി അടുത്ത ചോദ്യം. രണ്ടുപേര്‍ക്കും വ്യക്തമായ മറുപടിയില്ലായിരുന്നു. നാം ഉപയോഗിക്കുന്ന ഇത്തരം ചോക്ക്‌ലേറ്റിന്റെ റാപ്പുകള്‍ 400 വര്‍ഷത്തോളം നിലനില്‍ക്കുമെന്നും അത് പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന് നും എത്രപേര്‍ക്ക് അറിയാമെന്ന കളക്ടറുടെ തുടര്‍ ചോദ്യം സദസിനെ ആകെ മൗനത്തിലാഴ്ത്തി.
വിദ്യാര്‍ഥികളില്‍ മാലിന്യം തരംതിരിക്കുന്നതിനുള്ള സംസ്‌കാരം വളര്‍ത്തുന്നതിനായി ആരംഭിച്ച കളക്ടേഴ്സ് @ സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ജില്ലാ കളക്ടര്‍.
നമ്മള്‍ ഭൂമിയില്‍ പിച്ചവയ്ക്കുന്ന നാള്‍മുതല്‍ പ്രകൃതിയിലേക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകള്‍ 20 തലമുറയ്ക്ക് വരെ നാശമുണ്ടാക്കുന്നതാണ്. ഇനിമുതല്‍ പ്ലാസ്റ്റികള്‍ ഉള്‍പ്പെടെയുള്ള ഒരു മാലിന്യവും പൊതുസ്ഥലത്തോ നദിയിലോ പറമ്പുകളിലോ വലിച്ചെറിയില്ലെന്ന് വിദ്യാര്‍ഥികള്‍ തീരുമാനം എടുത്താല്‍ തന്നെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു.
ചെറിയ തുടക്കത്തില്‍ നിന്നാണു വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നത്. ഒരു തവണമാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കില്ലെന്നു നമ്മള്‍ തീരുമാനമെടുക്കണം. മറ്റ് പ്ലാസ്റ്റിക്കുകള്‍ ഉപയോഗിച്ചാല്‍ തന്നെ പ്രകൃതിക്ക് ദോഷകരമാകുന്ന രീതിയില്‍ വലിച്ചെറിയറിയാതെ പുനരുപയോഗിക്കാന്‍ കഴിയുന്നതരത്തില്‍ തരംതിരിച്ച് സ്‌കൂളുകളിലും കോളജുകളിലും സ്ഥാപിച്ചിരിക്കുന്ന നാലുതരം വേസ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കുമെന്ന് തീരുമാനമെടുത്ത് നടപ്പാക്കിയാല്‍ തന്നെ സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ കഴിയും.
പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാര്‍ഥികളും ഇങ്ങനെ ചെയ്താല്‍ പ്ലാസ്റ്റിക്ക് എന്ന വിപത്ത് പ്രകൃതിക്കുണ്ടാക്കുന്ന നാശം തടയാന്‍ കഴിയുമെന്നും ജില്ലാ കളക്ടര്‍ കുട്ടികളെ ഓര്‍മ്മപ്പെടുത്തി. ഒരു തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉപയോഗിക്കില്ലെന്നും മാലിന്യങ്ങള്‍ പ്രകൃതിയിലേക്ക് വലിച്ചെറിയില്ലെന്നും പ്രതിജ്ഞ ചൊല്ലിക്കൊടുത്താണ് കളക്ടര്‍ യാത്ര പറഞ്ഞത്.
പരിപാടിയില്‍ കാതോലിക്കേറ്റ് കോളജിലെ എന്‍എസ്എസ് വിദ്യാര്‍ഥികളും കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളും പങ്കെടുത്തു.