പത്തനംതിട്ട: വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരെ സംരക്ഷിക്കുവാന്‍ പോലീസ് സദാ സന്നദ്ധമാണെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. സാമൂഹ്യനീതി വകുപ്പും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ലോക വയോജനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയോജന സംരക്ഷണത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കുവാന്‍ സമൂഹം തയാറാകണം. വാര്‍ധക്യകാലത്ത് അവഗണന ഉണ്ടാകാന്‍ പാടില്ല. വൃദ്ധ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പ്രതേ്യക മൊബൈല്‍ ആപ് തയാറാക്കുന്നതിന് നടപടി സ്വീകരിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീഗം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സബ്ജഡ്ജ് ജി.ആര്‍.ബില്‍കുല്‍ വയോജന സന്ദേശം നല്‍കി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി വയോജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിച്ചു. എ.ഒ.അബീന്‍, പി.ആര്‍.പുരുഷോത്തമന്‍ നായര്‍, വി.കെ.രാജഗോപാല്‍, ജി.സ്വപ്നമോള്‍, സതീഷ് തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
കേരള സാമൂഹ്യസുരക്ഷാ മിഷന്‍, ജനമൈത്രി പോലീസ്, ജില്ലാതല വയോജന കമ്മിറ്റികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.