സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന പെരുമഴയുടെ സാഹചര്യത്തിൽ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള ഡാമുകൾ സ്ഥാപിക്കാൻ ജലസേചന വകുപ്പ് ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള പഠനം നടന്നുവരുന്നു.

2018 ലെയും 2019 ലെയും പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളപ്പൊക്ക നിയന്ത്രണത്തിനായി ഡാമുകൾ സ്ഥാപിക്കുന്നതിന്റെ സാധ്യത ആരായാൻ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശിച്ചത്.

ഇതിന്റെ അവലോകനയോഗം കഴിഞ്ഞദിവസം മന്ത്രിയുടെ ചേമ്പറിൽ നടന്നു. ഇതിലാണ് അഞ്ച് സ്ഥലങ്ങളിൽ വെള്ളപ്പൊക്ക നിയന്ത്രണ ഡാമുകൾക്ക് സാധ്യതയുള്ളതായി വിലയിരുത്തിയത്. വിശദമായ പഠനം നടത്താൻ മന്ത്രി നിർദേശിച്ചു. ജലസേചന വകുപ്പിലെ ചീഫ് എൻജിനിയർമാരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

പ്രളയം നിയന്ത്രിക്കുന്നതിന് കേരളത്തിൽ കൂടുതൽ ഡാമുകൾ നിർമ്മിക്കണമെന്ന് നേരത്തേ കേന്ദ്ര ജലകമ്മീഷനും നിർദ്ദേശിച്ചിരുന്നു. അച്ചൻകോവിൽ, പമ്പ, പെരിയാർ നദികളിലാണ് കൂടുതൽ ഡാമുകൾ വേണ്ടതെന്നാണ് പൊതുനിർദ്ദേശം. കോണ്ടൂർ കനാൽ തകർന്നതാണ് ഈവർഷത്തെ വെള്ളപ്പൊക്കത്തിൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ കരണം. അതേസമയം കൂടുതൽ ഡാമുകൾ നിർമ്മിക്കുന്നതിന് കൂടുതൽ സാമ്പത്തിക സഹായം ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ സഹായം തേടാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്.