നാടിന്റെ വികസനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് വലുത്: മുഖ്യമന്ത്രി

നാടിന്റെ വികസന കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്തങ്ങള്‍ ഓരോ ഘട്ടത്തിലും കൃത്യമായി ചെയ്ത് തീര്‍ക്കുമ്പോഴാണ് അതിന്റെ ഗുണം ലഭിക്കുകയെന്നും ഒരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അതിന്റെ പരിധിക്കുള്ളില്‍ നിരവധി ചുമതലകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങളായി ഗ്രാമപഞ്ചായത്ത്  ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സംസ്ഥാനത്ത് പദ്ധതി നിര്‍വഹണത്തിനും മറ്റും രാജ്യം ശ്രദ്ധിക്കത്തക്ക രീതിയില്‍ പുതിയ അധ്യായം തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ രചിച്ചിട്ടുണ്ട്. ജനകീയാസൂത്രണം അത്തരത്തില്‍ ഒന്നാണ്. അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ മാനം ഇതിലൂടെ പ്രകടമായി. രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും അധികാര വികേന്ദ്രീകരണത്തെ കുറിച്ച് മനസ്സിലാക്കാന്‍ ആളുകള്‍ കേരളത്തിലെത്തി. അതിനു കാരണം ഈ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങളാണ്. ഏതൊരു പ്രവൃത്തിയും മുന്നില്‍ നിന്ന് നയിക്കാന്‍ തദ്ദേശ  സ്ഥാപനങ്ങള്‍ക്കാണ് സാധിക്കുക. സമ്പൂര്‍ണ സാക്ഷരതാ യജ്ഞം, ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ- ആരോഗ്യ മേഖലയിലും അവയുടെ ഇടപെടല്‍ വലുതാണ്.

പൊതു വിദ്യാലയങ്ങള്‍ ശോഷിച്ച് പോകുന്നു, വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു, ചില സ്‌കൂളുകള്‍ അടച്ചിടുന്നു തുടങ്ങിയ പരാതികള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക മിഷന്‍ നടപ്പിലാക്കിയത്. അത്ഭുതകരമായ മാറ്റം അതിലുണ്ടായി. തദ്ദേശ സ്ഥാപനങ്ങളാണ് അതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. നാടിന്റെ സഹകരണം ഉറപ്പാക്കാന്‍ അവര്‍ക്കായി. 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആയി. പ്രൈമറി തലം മുതല്‍ സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുകയാണ്. കാലപ്പഴക്കത്തില്‍ ചില സ്‌കൂളുകള്‍ ശോചനീയാവസ്ഥയിലാണ്. അവയുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കണം- മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതില്‍ വലിയ പങ്കാളിത്തം തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുണ്ടായി. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് ആവശ്യത്തിന് ഡോക്ടര്‍മാരുണ്ട്. അതില്‍ ഒരു ഡോക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം നിയമിച്ചതാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും ഉള്‍പ്പെടെ മൂന്ന് നിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ചെങ്ങളായി ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. രണ്ട് കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടത്തില്‍ കുടുംബശ്രീ, ഐസിഡിഎസ്, എന്‍ആര്‍ഇജിഎ, എല്‍എസ്ജിഡി എഞ്ചിനീയറിംഗ് വിഭാഗം തുടങ്ങിയ ഓഫീസുകളും മിനി കോണ്‍ഫറന്‍സ് ഹാളും 300 പേര്‍ക്കിരിക്കാവുന്ന പൊതു മീറ്റിംഗ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. 25 ലക്ഷം രൂപ ചെലവില്‍ ലിഫ്റ്റ്, സോളാര്‍ സംവിധാനം എന്നിവ ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

ചടങ്ങില്‍ കെ സി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് മുഖ്യാതിഥിയായി. കെ കെ രാഗേഷ് എംപി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത, ശ്രീകണ്ഠാപുരം നഗരസഭാ ചെയര്‍മാന്‍ പി പി രാഘവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ കെ രത്‌നകുമാരി (ചെങ്ങളായി), പി പുഷ്പജന്‍ (മലപ്പട്ടം), ഐ വി നാരായണന്‍ (കുറുമാത്തൂര്‍), ജില്ലാ പഞ്ചായത്ത് അംഗം ജോയി കൊന്നക്കല്‍, ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ശാര്‍ങ്ഗധരന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി പി അനില്‍കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.