കാർഷിക, കാർഷിക അനുബന്ധ മേഖലയെയും വ്യവസായ മേഖലയെയും ബാധിക്കുന്ന ആർ.സി.ഇ.പി (റീജിയണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ്) സംബന്ധിച്ച് ആശങ്കകൾ ചർച്ച ചെയ്യാൻ ഒക്‌ടോബർ 28ന് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിക്കും.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉച്ചക്ക് രണ്ടുമുതൽ നടക്കുന്ന കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൺവെൻഷനിൽ കർഷകരും കർഷക സംഘടനകളും പങ്കെടുക്കും. പ്രതിപക്ഷനേതാവിനെയുൾപ്പെടെ കൺവെൻഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കരാർ ഒപ്പിടുന്ന ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് കേന്ദ്രം സംസ്ഥാനങ്ങളുമായോ പാർലമെൻറിലോ വിഷയം ചർച്ച ചെയ്തില്ലെന്ന് കൃഷിമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ കാർഷിക, കാർഷിക അനുബന്ധ, വ്യവസായ, വ്യാപാര മേഖലകളെ തകർക്കുന്ന ഉടമ്പടിക്കെതിരെ കേരളം ഒന്നിക്കുന്നതിന്റെ ഭാഗമായാണ് കൺവെൻഷനെന്ന് മന്ത്രിമാർ പറഞ്ഞു. ആർ.സി.ഇ.പി കരാർ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും. കരാർ രാജ്യത്തിന്റെ കാർഷിക മേഖലയിലും ക്ഷീരമേഖലയുൾപ്പെടെയുള്ള മൃഗസംരക്ഷണമേഖലയിലും, തോട്ടം, ചെറുകിട വ്യവസായം, ചെറുകിട കച്ചവടം, തൊഴിൽ എന്നീ മേഖലകളിലും ഉണ്ടാക്കാൻ പോകുന്ന പ്രതിസന്ധികൾ വലുതാണെന്ന് മന്ത്രിമാർ പറഞ്ഞു.
അനിയന്ത്രിതമായ കാർഷികോത്പന്ന ഇറക്കുമതി ആഭ്യന്തര കാർഷികമേഖലയ്ക്ക് വെല്ലുവിളിയാകും. കർഷകർ കടുത്ത മത്സരത്തെയും വൻ ഉത്പന്ന വിലത്തകർച്ചയേയും നേരിടേണ്ടിവരും. പാൽ, പാൽ ഉത്പന്നങ്ങളുടെ ഇറക്കുമതി ക്ഷീരമേഖലയിൽ വൻ പ്രതിസന്ധിയുണ്ടാകും. സ്വതന്ത്രവ്യാപാര കരാറിന്റെ ആനുകൂല്യത്തിൽ കൂടുതൽ ചൈനീസ് ഉത്പന്നങ്ങൾ നിയന്ത്രണമില്ലാതെ ഇന്ത്യയിലെത്തിയാൽ ചെറുകിട വ്യവസായങ്ങളും അടച്ചുപൂട്ടേണ്ടിവരും.
മത്സ്യബന്ധനമേഖലയിൽ വൻ നിക്ഷേപങ്ങൾ നടത്തിയ ആസിയാൻ രാജ്യങ്ങളും ചൈനയും ജപ്പാനും അവരുടെ സമുദ്രോത്പന്നങ്ങൾ ഇന്ത്യൻ കമ്പോളത്തിൽ നിയന്ത്രണവും ഇറക്കുമതിച്ചുങ്കവുമില്ലാതെ ഇറക്കുമതി ചെയ്യാനാകും. ജപ്പാൻ ഈ കരാറിൽ ആവശ്യപ്പെട്ടിരിക്കുന്ന നിർദേശങ്ങൾ നടപ്പാക്കിയാൽ മരുന്നുത്പാദന മേഖലയിലും അവശ്യസാധന മേഖലയിലും അനിയന്ത്രിത വില നൽകേണ്ടിവരുമെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി.
28ന് നടക്കുന്ന കൺവെൻഷൻ നമ്മുടെ ആശങ്കകൾ പങ്കുവെക്കാനും പരിഹാരം തേടാനുമുള്ള വേദിയാക്കണമെന്ന് മന്ത്രിമാരായ വി.എസ്. സുനിൽകുമാറും കെ. കൃഷ്ണൻകുട്ടിയും അഭ്യർഥിച്ചു. വാർത്താസമ്മേളനത്തിൽ കൃഷിവകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, ഡബ്‌ളിയു.ടി.ഒ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ ആരതി എന്നിവരും സംബന്ധിച്ചു.