പത്തനംതിട്ട: മലയാള ഭാഷയെ ഇഷ്ടത്തോടെ ഉപയോഗിക്കാനും മെച്ചപ്പെടുത്താനും എല്ലാവര്‍ക്കും കഴിയണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. സങ്കുചിത ഭാഷയല്ല, മനസിന് സന്തോഷം പകരുന്ന നല്ല മലയാളമാണ് ആവശ്യമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല സമാപനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
ഫയല്‍ ഭാഷ പൂര്‍ണമായും മലയാളത്തിലാകേണ്ടിയിരിക്കുന്നു. മലയാള ഭാഷ പഠിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതും നമ്മുടെ നിലനില്‍പ്പിന്റെ കൂടി ആവശ്യമാണ്. സിനിമയിലൂടെ നാം പരിചയപ്പെടുന്ന ഭാഷയോടൊപ്പം സാഹിത്യങ്ങളിലെ ഭാഷയും അറിയണം.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണഭാഷാ സേവന പുരസ്‌കാരങ്ങള്‍ നേടിയവര്‍ നമ്മുക്ക് മാതൃകയാണ്. വരുന്ന വര്‍ഷം ജില്ലാതല പുരസ്‌ക്കാരം നേടുവാനും പത്തനംതിട്ടയ്ക്ക് കഴിണം. ജോലിത്തിരക്കുകള്‍ക്കിടയിലും എഴുത്തിനും വായനയ്ക്കും എല്ലാവരും പ്രാധാന്യം നല്‍കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മാതൃഭാഷയില്‍ തന്നെ ഫയലുകളും ഭരണവും നടത്താന്‍ കഴിയുന്നത് എല്ലാവിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്രദമാണെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ശബരിമല എ.ഡി.എം: എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. മുന്‍കാലങ്ങളില്‍ ഓഫീസുകളില്‍ ഫയലുകള്‍ കൈകാര്യം ചെയ്തിരുന്നത് ഇംഗ്ലീഷിലായിരുന്നു. ഇത് ഓഫീസുകളില്‍ എത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഭരണഭാഷ മാതൃഭാഷയിലായതോടെ ഇതിന് മാറ്റംവന്നുവെന്നും ശബരിമല എ.ഡി.എം: എന്‍.എസ്.കെ ഉമേഷ് പറഞ്ഞു.
സംസ്ഥാന ഭരണഭാഷാ സേവന പുരസ്‌കാര ജേതാക്കളായ ഡോ.എന്‍.ശ്രീവൃന്ദ നായര്‍, ആര്‍.അഭിലാഷ്, ഐ.അഷറഫ്, ജില്ലാതല ഭരണഭാഷാ പുരസ്‌കാര ജേതാവ് കെ.വി റൂബിമോന്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
പ്രസ് ക്ലബിന്റെ സഹകരണത്തോടെ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്, പ്രസംഗം, കവിതാലാപന മത്സര വിജയികള്‍ക്കും, ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച കേട്ടെഴുത്ത്, ഫയല്‍ എഴുത്ത്, കവിതാലാപന മത്സരങ്ങളിലെ വിജയികള്‍ക്കും ജില്ലാ കളക്ടറും എഡിഎമ്മും ചേര്‍ന്ന് സാക്ഷ്യപത്രവും സമ്മാനങ്ങളും നല്‍കി.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് പി തോമസ്, സീനിയര്‍ സൂപ്രണ്ട് അന്നമ്മ കെ.ജോളി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍ എന്നിവര്‍ പങ്കെടുത്തു.
ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് നടപ്പാക്കിവരുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഭരണഭാഷാ വാരാചരണം സംഘടിപ്പിച്ചത്.