ഇത്തവണ ലേലം പിടിച്ചത് അഞ്ച് കോടി 19 ലക്ഷം രൂപയ്ക്ക്
നെയ്യഭിഷേകപ്രിയനായ സ്വാമിഅയ്യപ്പനെ നാളികേരപ്രിയനെന്നും വിശേഷിപ്പിക്കാറുണ്ട്. കേരളത്തെ കേരളമാക്കിയ നാളികേരമാണ് നെയ്യ്കഴിഞ്ഞാല്‍ അയ്യപ്പന്റെ ഇഷ്ടനിവേദ്യം. അതുകൊണ്ടാണ് ശബരിമല തീര്‍ത്ഥാടകരായ അയ്യപ്പന്മാർ പമ്പയിലും സന്നിധാത്ത് പതിനെട്ടാംപടിയ്ക്ക് അരികിലും തേങ്ങയുടയ്ക്കുന്നതും അഭിഷേകത്തിനുള്ള നെയ്യ് തേങ്ങയില്‍ നിറച്ച് കൊണ്ടുവരുന്നതും.
ഇക്കുറി മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് ഫെഡറേഷനാണ് കൊപ്രയ്ക്കായുള്ള ലേലാവകാശം. അഞ്ച് കോടി 19ലക്ഷം രൂപയ്ക്കാണ് മാര്‍ക്കറ്റിങ് ഫെഡ് ലേലം പിടിച്ചത്. കൊപ്രാ പ്രോസസിങിന് റാന്നി സ്വദേശിയായ സി.കെ. ബാലന്‍ എന്നയാളുമായി മാര്‍ക്കറ്റിങ് ഫെഡ് കരാറുണ്ട്. സി.കെ. ബാലന്റെ ചുമതലയിലാണ് കൊപ്രാക്കളത്തിലെ പ്രവര്‍ത്തികള്‍ നടക്കുന്നത്. ആറ് കങ്കാണിമാരുടെ നേതൃത്വത്തിലാണ് തൊഴിലാളികളെ വിന്യസിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്കായി പ്രത്യേകം മെസ്സും ഒരുക്കിയിട്ടുണ്ട്. അഞ്ച് പാചകക്കാരാണിവിടെയുള്ളത്.
വര്‍ഷംന്തോറും മലകയറുന്ന തീര്‍ത്ഥാടകര്‍ നിവേദ്യമായി കൊണ്ടുവരുന്ന നാളികേരം നശിച്ചുപോകാതെ സംഭരിച്ചും സംസ്‌ക്കരിച്ചും തിരിച്ച് നാട്ടിലെത്തിക്കുന്ന ഒരുവലിയ വിഭാഗമുണ്ട് ശബരിമലയില്‍. നടതുറക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം മലകയറുകയും ഒടുവില്‍ മകരവിളക്ക് ഉല്‍സവംകഴിഞ്ഞ്
നട അടച്ച് ദിവസങ്ങള്‍ കഴിഞ്ഞ് മലയിറങ്ങുകയും ചെയ്യുന്നവര്‍.
അത്രയുംകാലം അധ്വാനം മാത്രം വ്രതമാക്കി സന്നിധാനത്തെ കൊപ്രാക്കളത്തില്‍ രാപ്പകല്‍ തൊഴിലെടുക്കുന്ന കൊപ്രാതൊഴിലാളികള്‍. പത്തുമാസം നാട്ടില്‍ എല്ലുമുറിയെ പണിതാലും ദുര്‍വ്യയങ്ങളും ദുശ്ശീലങ്ങളും കീശകാലിയാക്കുമ്പോള്‍ ഇവിടെ അയ്യപ്പസ്വാമിയുടെ പ്രസാദം ഭക്ഷിച്ച് അധ്വാനം ഭക്തിയാക്കി മാറ്റി ജോലി ചെയ്ത് ഇത്തിരിയെങ്കിലും സമ്പാദിക്കുന്നവര്‍. പലര്‍ക്കും ഈ രണ്ട്മാസം ചില്ലറകാശ് കീശയിലുണ്ടാകുന്ന കാലമാണ്.
അയ്യപ്പഭക്തിയോടൊപ്പം അധ്വാനത്തിന്റെ വിയര്‍പ്പും ഉപ്പും പുരളുന്ന കഥകളാണ് ശബരിമലയിലെ കൊപ്രാക്കളങ്ങള്‍ക്ക് പറയുവാനുള്ളത്. തുടക്കമായതിനാല്‍ ഏകദേശം ഇരുന്നൂറിനടുത്ത് തൊഴിലാളികളാണ് ഇപ്പോള്‍ സന്നിധാനത്തെ കൊപ്രാക്കളത്തില്‍ പണിയെടുക്കുന്നത്. പുലര്‍ച്ചെ നാലിനാരംഭിക്കുന്ന ജോലി രാവിലെ പത്തുമണിയോടെ തീരും. പിന്നീടങ്ങോട്ട് മുഴുവന്‍ അധികസമയ ജോലിയിലാണവര്‍, അധികവരുമാനവുമുണ്ട്. ദേവസ്വത്തിന്റെ ആവശ്യം കഴിഞ്ഞ് ശേഖരിക്കുന്ന തേങ്ങ പുകകയറ്റി കാമ്പുമാറ്റി വെയിലത്തോ, ഡ്രയറിലോ, ചേരിലോ ഉണക്കി കൊപ്രയാക്കി മാറ്റുന്ന പ്രവൃത്തിയാണ് കൊപ്രാക്കളത്തില്‍ നടക്കുന്നത്. പിന്നീടവ ട്രാക്ടറില്‍ പമ്പയിലെത്തിക്കും.
വര്‍ഷങ്ങളുടെ പഴക്കമുണ്ട് സന്നിധാനത്തെ കൊപ്രാക്കളത്തിന്. പണ്ട് കാടുവെട്ടി കളമൊരുക്കി, മരംവെട്ടി വിറകാക്കിയായിരുന്നു കൊപ്രാസംസ്‌കരണം. വന്യമൃഗങ്ങളുടേയും പാമ്പിന്റേയും ശല്യം രൂക്ഷമായിരുന്നു അന്ന്. ക്ഷേത്രപരിസരം വികസിക്കുന്നതിനനുസരിച്ച് കൊപ്രാക്കളത്തിന്റെ സ്ഥാനവും മാറി. എങ്കിലും ശബരിമല ക്ഷേത്രത്തിന്റെ വികസനചരിത്രത്തില്‍ കൊപ്രാക്കളങ്ങള്‍ക്കും അവിടുത്തെ തൊഴിലാളികള്‍ക്കും വലിയ സ്ഥാനമുണ്ടെന്ന് പറയാതെ വയ്യ.