കണ്ണൂർ: ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, സംരംഭകത്വ വികസനം, ഊര്‍ജ സംരക്ഷണം, ശുചിത്വ പരിസരം എന്നീ സുസ്ഥിര വികസന ലക്ഷ്യങ്ങളോടെ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള പഴശി – വായാട് നിര്‍ത്തട വികസന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.

ഭൂമിയോട് കാണിക്കുന്ന അതിക്രമങ്ങളുടെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന ദുരന്തങ്ങളെന്ന് മന്ത്രി പറഞ്ഞു. മണ്ണ് പര്യവേക്ഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞരോടൊപ്പം പരമ്പരാഗതമായി കൃഷി ചെയ്യുന്ന കര്‍ഷകരുടെ അനുഭവ സമ്പത്തുകൂടി ഉപയോഗിച്ച് വേണം നമ്മള്‍ മുന്നോട്ട് പോകാന്‍. ഇന്ന് ജിവിക്കുന്നവര്‍ക്ക് ഒസ്യത്തായി കിട്ടിയതല്ല ഭൂമി. വരുംതലുറയ്ക്കായി ഇത് സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു

തളിപ്പറമ്പ് മണ്ഡലത്തിലെ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ വരുന്നതും വളപട്ടണം,  കുപ്പം, കവ്വായി, രാമപുരം പുഴകളുടെ നദീതട പ്രദേശത്ത് വരുന്നതുമായ 88 സൂക്ഷ്മ നീര്‍ത്തട പ്രദേശങ്ങളുടെ വിശദപഠനം നടത്തി 800 കോടി രൂപയുടെ മണ്ണ് ജലസംരക്ഷണ നീര്‍ത്തട പദ്ധതിയാണ് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയിരിക്കുന്നത്.

കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ 552 ഹെക്ടര്‍ വരുന്ന പഴശി നീര്‍ത്തടത്തിന് 1.58 കോടി രൂപയും പരിയാരം ഗ്രാമ പഞ്ചായത്തിലെ 607.5 ഹെക്ടര്‍ വരുന്ന വായാട് നിര്‍ത്തടത്തിന് 1.42 കോടി രൂപയുമാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ചത്. ഒമ്പത് തദ്ദേശഭരണ സ്ഥാപനങ്ങളിലേയും ഓരോ നീര്‍ത്തടങ്ങള്‍ വീതം തെരഞ്ഞെടുത്ത് കൊണ്ടുള്ള 42 കോടിയുടെ പദ്ധതികള്‍ നബാര്‍ഡിന്റെ അന്തിമ പരിഗണനയിലാണ്.

പാവന്നൂര്‍ മൊട്ട ഐ ടി എം കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പി കെ ശ്യാമള, ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.