150 കമാന്‍ഡോകള്‍ തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗമായി
സംസ്ഥാന പൊലീസ് സേനയ്ക്ക് അഭിമാനമായി 150 കമാന്‍ഡോകള്‍ കൂടി ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗമായി. പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് പാണ്ടിക്കാട് ഐ.ആര്‍.ബി പരേഡ് ഗ്രൗണ്ടില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. സംസ്ഥാനത്ത് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കമാന്‍ഡോകളുടെ പരിശീലന കാലവും ഇനി സര്‍വീസായി പരിഗണിക്കും.
ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പൊലീസ് സേനയിലേക്ക് അഭ്യസ്തവിദ്യരായ യുവാക്കള്‍ കൂടുതലായി കടന്നുവരുന്നുണ്ട്. വിദ്യാസമ്പന്നരുടെ അറിവും ശേഷിയും സേനയുടെ വളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്സും, കൗണ്ടര്‍ ടെററിസം ആന്‍ഡ് കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ട്രെയ്‌നിങ് സ്‌കൂളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ഇന്‍ഡോര്‍ പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആലപ്പുഴ സ്വദേശി ആര്‍.സൂരജ്, ഔട്ട്‌ഡോര്‍ വിഭാഗത്തില്‍ മികവ് പുലര്‍ത്തിയ കണ്ണൂര്‍ സ്വദേശി കെ.രഞ്ജിത്ത്, മികച്ച ഷൂട്ടര്‍ ഇടുക്കി സ്വദേശി പി.അമല്‍രാജ്, ആള്‍റൗണ്ടറായി തെരഞ്ഞെടുത്ത വയനാട് സ്വദേശി പി.കെ.മുനീര്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി ട്രോഫികള്‍ സമ്മാനിച്ചു. തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗമായ കമാണ്ടോകള്‍ക്ക് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ഡപ്യൂട്ടി കമാന്‍ഡന്റ് സി.വി.പാപ്പച്ചന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
