രാജ്യത്തിനാകെ മാതൃകായായിക്കൊണ്ട്്, താമസിയാതെതന്നെ സംസ്ഥാനം നൂറു ശതമാനം ഡിജിറ്റൽ സംസ്ഥാനമായി മാറുമെന്ന് ഗവർണർ പറഞ്ഞു. ഉയർന്ന മൊബൈൽ, ഇന്റർനെറ്റ് വ്യാപനവും ഡിജിറ്റൽ പൗരത്വവും ഡിജിറ്റൽ ജീവിതരീതിയും ഡിജിറ്റൽ കൊമേഴ്സും വിഭാവനം ചെയ്യുന്ന വിവരസാങ്കേതികവിദ്യാനയം ഇതിന് സഹായകമാണ്. ഡിജിറ്റൽ ഇന്ത്യയുടെ പവർഹൗസാവും കേരളമെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശുഭവിശ്വാസവും ഓർക്കേണ്ടതാണ്. റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ സേനാവിഭാഗങ്ങളുടെ മാർച്ച് പാസ്റ്റിൽ അഭിവാദ്യ. സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു ഗവർണർ.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ വികസനത്തെസംബന്ധിച്ച് സുപ്രധാനമായ മേഖലകളിൽ സവിശേഷശ്രദ്ധ നൽകുന്നത് അഭിനന്ദനാർഹമാണെന്ന് ഗവർണർ പറഞ്ഞു.എല്ലാവർക്കും മികച്ച വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി രാജ്യം മുന്നോട്ടുപോവുമ്പോൾ സംസ്ഥാനം ക്ളാസ് മുറികളെ ആധുനികവത്കരിക്കുകയും ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യസംസ്ഥാനവുമായി തീർന്നിരിക്കുകയാണ്. നൈപുണ്യവികസനത്തിന് സംസ്ഥാനത്ത് വിപുലമായ ശ്രദ്ധ ലഭിക്കുന്നത് സംതൃപ്തിയുണ്ടാക്കുന്നതാണ്.
മനുഷ്യവികസനസൂചികയിലെ ഉയർന്ന സ്ഥാനത്തിനു ഐക്യരാഷ്ടസഭയുടെ അംഗീകാരം ലഭിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. മികച്ച ക്രമാസമാധാനപാലനത്തിനും പൊതുവികസനസൂചികയിലെ ഉയർന്ന സ്ഥാനത്തിനും സംസ്ഥാനം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിൽ പ്രവാസി മലയാളികളുടെ പങ്ക് ഈയിടെ നടന്ന ലോകകേരളസഭയിൽ സമുചിതമായി അംഗീകരിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയുമുണ്ടായി.
സംസ്ഥാനത്തിന്റെ സവിശേഷ വികസനമാതൃക നിലനിർത്താൻ കഴിഞ്ഞ വർഷം തുടങ്ങിയ ഹരിതകേരളം മിഷൻ ആരോഗ്യ, ഭവനമേഖലകളിൽ നിർണായക ചുവടുകളുമായി പുരോഗമിക്കുകയാണ്. ഹരിതകേരളം കൃഷിയിലും പരിസ്ഥിതി സംരംക്ഷണത്തിലും പുതിയ താത്പര്യം ഉണ്ടാക്കിയിട്ടുണ്ട്. ഉത്തരവാദിത്വ ടൂറിസമാണ് സംസ്ഥാനം തിളങ്ങുന്ന മാതൃകയാണെന്ന് മറ്റൊരു മേഖല.
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് നമ്മുടേത്. ട്രാൻസ്ജെൻഡർ നയം രൂപീകരിച്ച ആദ്യസംസ്ഥാനമായതും ലൈംഗികകുറ്റവാളികളുടെ രജിസ്ട്രി ഉണ്ടാക്കിയതും ഇതിന് തെളിവാണ്.സ്ത്രീകൾക്കായി സംസ്ഥാനം പ്രത്യേക വകുപ്പ് രൂപീകരിക്കുകയും ജെൻഡർ ബഡ്ജറ്റിങ് ആവിഷ്കരിക്കുകയും ചെയ്തു. അന്യസംസ്ഥാന തൊഴിലാളികൾക്കായി ആരോഗ്യ,സാക്ഷരത, ഭവന മേഖലകളിൽ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചതും മറ്റു സംസ്ഥാനങ്ങൾക്ക് അനുകരണീയമായ മാതൃകയാണെന്ന് ഗവർണർ എടുത്തുപറഞ്ഞു.
കേന്ദ്ര സർക്കാർ പദ്ധതികൾക്ക് സംസ്ഥാനം നൽകുന്ന പിന്തുണയും ഗവർണർ എടുത്തുപറഞ്ഞു. കേന്ദ്ര സർക്കാർ ഗ്രാമീണ വൈദ്യുതീകരണത്തിനായി ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന നടപ്പാക്കുമ്പോൾ സംസ്ഥാനം ഒരുപടി മുന്നിൽ രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമായി മാറിയിരിക്കുന്നു.ഏറ്റവും വലിയ ഫ്ളോട്ടിങ് സൗരോർജ പ്ളാന്റ് സ്ഥാപിച്ചുകൊണ്ട് ആ മേഖലയ്ക്കും കേരളം ഉണർവ് നൽകിയിരിക്കുകയാണ്. സമ്പൂർണ വെളിയിട വിസര്ജന വിമുക്ത സംസ്ഥാനമായ ജനസാന്ദ്രതയേറിയ ആദ്യസംസ്ഥാനമായി കേരളം മാറിയതും ഗവർണർ എടുത്തുപറഞ്ഞു.
ക്ഷേമപദ്ധതികളും വിജ്ഞാനത്തിന്റെ വ്യാപകമായ പങ്കുവയ്ക്കലുംകൊണ്ട് ആഗോളശ്രദ്ധ നേടിയ സംസ്ഥാനത്തിന്റെ പുതിയ വികസനമാതൃക സംബന്ധിച്ച പ്രത്യാശകൾ പൂർത്തീകരിക്കാനായി ഈസ് ഓഫ് ഡൂയിങ് ബിസിനസും നടപടിക്രമങ്ങൾ ലളിതമാക്കുന്നതും ഉറപ്പാക്കി നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുകയാവണം നമ്മുടെ ലക്ഷ്യം. സമൂദായികവും രാഷ്ടീയവുമായ പകയ്ക്കും ഭീതിക്കും ഒരു ജനാധിപത്യസമൂഹത്തിൽ ഇടമില്ലെന്നും ഗവർണർ പറഞ്ഞു. നമ്മുടെ ഐക്യത്തെ തകർക്കാനുള്ള ഏതൊരു നേരിയ ശ്രമത്തിനെതിരെയും ജാഗരൂകരായിരിക്കാനും ഗവർണർ ആഹ്വാനം ചെയ്തു.
