ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ നല്‍കുന്ന കെട്ടുറപ്പാണ് നമ്മുടെ രാജ്യത്തിന്റെ കരുത്തെന്ന് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ദിന പരേഡില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്നത് എക്കാലവും നമ്മുക്ക് പ്രചോദനമായിരിക്കണം. ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങള്‍ ആരോഗ്യകരമായി നിലനിന്നാല്‍ മാത്രമേ പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളു. അധികാര വികേന്ദ്രീകരണത്തില്‍ അധിഷ്ഠിതമായ ഫെഡറല്‍ സംവിധാനം ഉറപ്പു വരുത്തി മുന്നോട്ടു പോകാന്‍ നമുക്കാകണം. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി നാം നിലയുറപ്പിക്കണം. വിവിധ മതങ്ങളും സംസ്‌കാരങ്ങളും ആചാരങ്ങളും  വേഷങ്ങളും  ഭാഷകളും കൂടി ചേരുന്നതാണ് നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത. നാനാത്വത്തില്‍ ഏകത്വം എന്ന അടിസ്ഥാന ശിലയില്‍ പടുത്തുയര്‍ത്തിയ ഭരണഘടനയിലൂടെ സ്വതന്ത്ര പരമാധികാര ജനാധിപത്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ട നമ്മുടെ രാജ്യം നിരവധി പരീക്ഷണങ്ങളെ നേരിട്ട്, വിവിധ പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പ് നല്‍കുന്ന വ്യവസ്ഥിതിയുടെ പ്രഖ്യാപനമായിരുന്നു 1950 ജനുവരി 26ന് നമ്മുടെ മഹാരാജ്യത്ത് ഉണ്ടായത്. നമ്മുടെ ഭരണഘടനയുടെ ആത്മാവായ ഭരണഘടനാ ആമുഖത്തില്‍ അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം എഴുതിയിരിക്കുന്നത് ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമാണെന്നാണ്.
സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരെ സാമൂഹിക മുന്നേറ്റത്തില്‍ പങ്കാളികളാക്കി മുഖ്യധാരയില്‍ എത്തിക്കാന്‍ ഇനിയും നമുക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടി വരും. മതേതരത്വമെന്നത് നമ്മുടെ രാജ്യത്തെ മറ്റ് ലോകരാജ്യങ്ങള്‍ക്കാകെ മാതൃകയാക്കി മാറ്റിയതാണ്. അതിനെതിരേയുള്ള ഏത് വെല്ലുവിളിയെയും നമുക്ക് ചെറുത്ത് തോല്‍പ്പിച്ചേ മതിയാകു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ നമ്മുടെ ഭരണസംവിധാനങ്ങള്‍ പരാജയപ്പെടാന്‍ പാടില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ചകള്‍ ഉണ്ടായാല്‍ അത് നമ്മുടെ രാജ്യത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് തന്നെ പ്രതിബന്ധം സൃഷ്ടിക്കും. സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തിന്റെ പരമോന്നത നിയമസംഹിത നിലനിര്‍ത്താനും സമഭാവനയോടെ എല്ലാവരേയും കാണാനും, വര്‍ഗീയ – വിഭാഗീയ ചിന്തകളെയും ഭീകരവാദ പ്രവര്‍ത്തനങ്ങളെയും നേരിടുന്നതിനും പ്രതിജ്ഞാബദ്ധമായി തന്നെ മുന്നോട്ടു പോകുകയാണ്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന് താങ്ങാകാനും നാടിന്റെ വികസനത്തിനായും ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാരിന്റെ നാല് മിഷനുകള്‍ സമയബന്ധിതമായി മുന്നോട്ടു നീങ്ങുകയാണ്. വീടില്ലാത്തവര്‍ക്കെല്ലാം വീടും, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും, മാലിന്യ നിര്‍മാര്‍ജനവും, മികച്ച ആരോഗ്യപരിപാലനവും ഈ നവകേരള മിഷനുകളിലൂടെ ലക്ഷ്യമിടുന്നു. സമൂലമായ ഭരണപരിഷ്‌കാരങ്ങളും ദീര്‍ഘകാല പ്രതിഫലനങ്ങള്‍ ഉളവാക്കിയ സാമൂഹിക മാറ്റങ്ങള്‍ക്ക് കാരണമായിട്ടുള്ള ഭൂപരിഷ്‌കരണ നടപടികളും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ജനകീയവത്കരണവും ജനകീയ പോലീസ് നയങ്ങളും പോലെ, കേരളത്തിലെ സകല ജനവിഭാഗങ്ങള്‍ക്കും ആവേശം പകര്‍ന്ന ജനകീയ വികസന നടപടികളുടെ തുടര്‍ച്ചയാണ് നവകേരള മിഷനെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ജില്ലാ പോലീസ് മേധാവി ജേക്കബ് ജോബ്, എഡിഎം അനു എസ്. നായര്‍, പത്തനംതിട്ട നഗരസഭാ അധ്യക്ഷ രജനി പ്രദീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, പത്തനംതിട്ട നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, മുന്‍ നഗരസഭാ ചെയര്‍മാന്‍ പി. മോഹന്‍രാജ്, നഗരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വര്‍ണാഭമായ റിപ്പബ്ലിക്ദിന പരേഡ്; ദേശീയതയുടെ തരംഗമായി ഭാരതീയം
ഭാരതത്തിന്റെ 69-ാംമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സെറിമോണിയല്‍ പരേഡും സാംസ്‌കാരിക പരിപാടികളും ദേശീയതയുടെ ആവേശമുയര്‍ത്തി. രാവിലെ എട്ടിന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.10ന് പരേഡ് കമാന്‍ഡര്‍ ടി.രാജപ്പന്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.15ന് ജില്ലാ പോലീസ് മേധാവി ജേക്കബ് ജോബും 8.20ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. 8.30ന് മുഖ്യാതിഥിയായ സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. 8.35ന് മുഖ്യാതിഥി 69-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ വര്‍ണാഭമായ ചടങ്ങുകള്‍ക്ക് നാന്ദികുറിച്ച് ദേശീയ പതാക ഉയര്‍ത്തി വന്ദിച്ചു. യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയ പതാകയെ സല്യൂട്ട് ചെയ്തു.
8.40ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. 8.45ന് വര്‍ണാഭമായ പരേഡ് മാര്‍ച്ച്പാസ്റ്റ് നടന്നു. പത്തനംതിട്ട ആംഡ് റിസര്‍വ് പോലീസ് പ്ലാറ്റൂണിനെ റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ എം.പി രാജേന്ദ്രനും ലോക്കല്‍ പോലീസ് പ്ലാറ്റൂണിനെ എസ്‌ഐ ബി. വിനോദ് കുമാറും വനിതാ   പോലീസ് പ്ലാറ്റൂണിനെ എസ്‌ഐ ലീലാമ്മയും എക്‌സൈസിനെ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തും ഫയര്‍ഫോഴ്‌സിനെ എസ്ടിഒ വിനോദും ഫോറസ്റ്റിനെ ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ ഷാജി ജോസും നയിച്ചു.
പത്തനംതിട്ട എന്‍സിസി 14 കേരള ബറ്റാലിയനെ അണ്ടര്‍ ഓഫീസര്‍ ഐനയും സ്റ്റുഡന്റ്‌സ് പോലീസ് വിഭാഗത്തില്‍ ജിഎച്ച്എസ്എസ് തൈക്കാവിനെ രാഹുലും ഐരവണ്‍ പിഎസ് വിപിഎംഎച്ച്എസ്എസിനെ ഗോകുല്‍ എസ്. കുമാറും തണ്ണിത്തോട് സെന്റ് ബെനഡിക്‌സിനെ റൂബന്‍ മാത്യുവും തട്ടയില്‍ എന്‍എസ്എസ് എച്ച്എസിനെ അരവിന്ദ് എസ് ദേവും കടമ്പനാട് വിവേകാനന്ദ എച്ച്എസ് ഫോര്‍ ഗേള്‍സിനെ സാന്ദ്രയും പുല്ലാട് എസ് വിഎച്ച്എസിനെ ഭരതും നയിച്ചു.
സ്‌കൗട്ട്‌സ് വിഭാഗത്തില്‍ മല്ലശേരി സെന്റ് മേരീസ് ആര്‍ഇഎംഎച്ച്എസിനെ സാല്‍വിന്‍ റെജിയും കോന്നി ആര്‍വിഎച്ച്എസ്എസിനെ രാഹുലും പ്രമാടം നേതാജി എച്ച്എസിനെ വിനായകും ഓമല്ലൂര്‍ ആര്യഭാരതി എച്ച്എസിനെ ഫെബിനും നയിച്ചു. ഗൈഡ്‌സ് വിഭാഗത്തില്‍ മല്ലശേരി സെന്റ് മേരീസ് ആര്‍ഇഎം എച്ച് എസിനെ ലിന്റ റെജിയും പ്രമാടം നേതാജി എച്ച്എസിനെ ഹരിശ്രീയും നയിച്ചു. ബാന്‍ഡ് വിഭാഗത്തില്‍ ഗവണ്‍മെന്റ് എംആര്‍എസ് വടശേരിക്കരയെ നിധിന്‍ സാബുവും വാര്യാപുരം ഭവന്‍സ് വിദ്യാമന്ദിറിനെ ജൂവല്‍ മറിയവും മല്ലപ്പള്ളി ചെങ്ങരൂര്‍ സെന്റ് തെരേസാസ് ബിസിഎച്ച്എസ്എസിനെ ഷെറിന്‍ അന്ന മാത്യുവും നയിച്ചു. പത്തനംതിട്ട മാര്‍ത്തോമ ഹൈസ്‌കൂളിലെയും വടശേരിക്കര മാര്‍ ഇവാനിയോസ് സെന്‍ട്രല്‍ സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ ഭാരതീയം സാംസ്‌കാരിക പരിപാടി അവതരിപ്പിച്ചു. കോന്നി ആര്‍വിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു.
പരേഡിലെ മികച്ച പ്രകടനത്തിന് സായുധസേനാ വിഭാഗത്തില്‍ റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ എം.പി രാജേന്ദ്രന്‍ നയിച്ച ജില്ലാ ആംഡ് റിസര്‍വ് പോലീസ് ഒന്നാം സ്ഥാനം നേടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്ത് നയിച്ച എക്‌സൈസ് രണ്ടാം സ്ഥാനം നേടി. സേന വിഭാഗത്തില്‍ എസ് ടി ഒ വിനോദ് നയിച്ച ഫയര്‍ ഫോഴ്‌സ് ഒന്നാം സ്ഥാനവും ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ ഷാജി ജോസ് നയിച്ച ഫോറസ്റ്റ് രണ്ടാം സ്ഥാനവും നേടി.
 ബാന്‍ഡ് വിഭാഗത്തില്‍ നിധിന്‍ സാബു നയിച്ച ഗവ. എംആര്‍എസ് വടശേരിക്കര ഒന്നാംസ്ഥാനവും  ഷെറിന്‍ അന്ന മാത്യു നയിച്ച  മല്ലപ്പള്ളി ചെങ്ങരൂര്‍ സെന്ററ് തെരേസാസ് ബിസിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. എസ്പിസി എച്ച്എസ്എസ് വിഭാഗത്തില്‍ രാഹുല്‍ നയിച്ച തൈക്കാവ് ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും ഗോകുല്‍ എസ്. കുമാര്‍ നയിച്ച ഐരവണ്‍ പിഎസ് വിപിഎംഎച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി.എസ്പിസി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അരവിന്ദ് എസ് ദേവ് നയിച്ച തട്ടയില്‍ എന്‍എസ്എസ് എച്ച് എസ് ഒന്നാം സ്ഥാനവും റൂബന്‍ മാത്യു നയിച്ച തണ്ണിത്തോട് സെന്റ് ബെനഡിക്ട്‌സ് രണ്ടാംസ്ഥാനവും നേടി. സ്‌കൗട്ട്‌സ് വിഭാഗത്തില്‍ സാല്‍വിന്‍ റെജി നയിച്ച മല്ലശേരി സെന്റ് മേരീസ് ആര്‍ഇഎംഎച്ച്എസ് ഒന്നാംസ്ഥാനവും രാഹുല്‍ നയിച്ച കോന്നി ആര്‍വിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. ഗൈഡ്‌സ് വിഭാഗത്തില്‍ ലിന്റ റെജി നയിച്ച മല്ലശേരി സെന്റ് മേരീസ് ആര്‍ഇഎംഎച്ച്എസ് ഒന്നാം സ്ഥാനവും ഹരിശ്രീ നയിച്ച പ്രമാടം നേതാജി എച്ച്എസ് രണ്ടാം സ്ഥാനവും നേടി. അണ്ടര്‍ ഓഫീസര്‍ ഐന നയിച്ച പത്തനംതിട്ട എന്‍സിസി 14 കേരള ബറ്റാലിയന്‍ ഒന്നാം സ്ഥാനം നേടി. ഭാരതീയം സാംസ്‌കാരിക പരിപാടിയില്‍ വടശേരിക്കര മാര്‍ ഇവാനിയോസ് സെന്‍ട്രല്‍ സ്‌കൂള്‍ ഒന്നാംസ്ഥാനവും മാര്‍ത്തോമ്മ എച്ച്എസ് പത്തനംതിട്ട രണ്ടാംസ്ഥാനവും നേടി. ദേശഭക്തിഗാനത്തില്‍ കോന്നി ആര്‍വിഎച്ച്എസ്എസ് ഒന്നാംസ്ഥാനം നേടി.