ചൈനയില്‍ നിന്നും എത്തിയവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം
കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും എത്തിയവര്‍ 28 ദിവസം പുറത്തിറങ്ങരുതെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് ഡി.എം.ഒ ഡോ.കെ.പി.റീത്ത അറിയിച്ചു. കുടുംബാംഗങ്ങളും പരിചരിക്കുന്ന ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നാല്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. രോഗം പടരുന്നത് തടഞ്ഞുനിര്‍ത്താന്‍ പൊതുപരിപാടികള്‍ ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക, നിരീക്ഷണത്തിലിരിക്കുന്നവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും മറയ്ക്കുക, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉപയോഗിച്ച സാമഗ്രികളില്‍ നിന്നും അകന്ന് നില്ക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഡി.എം.ഒ നല്കി. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഡി.എം.ഒ ഇക്കാര്യം അറിയിച്ചത്.
ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തംഗങ്ങളും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം പാലിക്കുന്നതില്‍ ഇടപെടല്‍ നടത്തുകയും കുടുംബാംഗങ്ങളെക്കൂടി ഇക്കാര്യത്തില്‍ ബോധവത്ക്കരിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജനുവരി 15നു ശേഷം ചൈനയിലെ വുഹാനില്‍ നിന്നും ജില്ലയിലെത്തിയ എല്ലാവരുടെയും സാമ്പിളുകള്‍ (സ്വാബ്) രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധനയ്ക്ക് അയക്കും.
സാധാരണ വൈറസ് ബാധയില്‍ പ്രകടമാകുന്ന പനി, ചുമ, ജലദോഷം, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ 0491 2505264, 2505189 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് സംശയങ്ങള്‍ ദുരീകരിക്കാം. കൂടാതെ 0471 1056 ദിശ ഹെല്‍പ്പ് ലൈന്‍ (ടോള്‍ ഫ്രീ) നമ്പറിലും ബന്ധപ്പെടാം. കലക്ടറേറ്റ് കണ്ട്രോള് റൂം നമ്പര്‍ 0491 2505309.

ചൈനയില്‍ നിന്ന് വന്നവര്‍ എത്തിയ എയര്‍പോര്‍ട്ട്, സമ്പര്‍ക്കമുണ്ടായവര്‍, താമസിച്ച സ്ഥലങ്ങള്‍, മേല്‍വിലാസം എന്നിങ്ങനെയുള്ള വിവരശേഖരണവും നടത്തിവരുന്നുണ്ട്. വുഹാനില്‍ നിന്നെത്തിയവരില്‍ രോഗലക്ഷണങ്ങളില്ലെങ്കിലും പരിശോധന നടത്തണം. ജില്ലയില്‍ ചൈന നിവാസികളായ വിനോദ സഞ്ചാരികള്‍ ഉണ്ടോയെന്നുള്ളത് പരിശോധിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ബന്ധപ്പെടേണ്ട നമ്പറില്‍ വിളിച്ച ശേഷം നിര്‍ദ്ദേശിക്കുന്ന ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് പേകേണ്ടത്. പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ വെന്റിലേഷന് സൗകര്യത്തോടെയുള്ള രണ്ട് ഐസൊലേഷന്‍ വാര്‍ഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ചൈനയില്‍ നിന്നും വന്നവര്‍ പുറത്തിറങ്ങി നടക്കുന്നത് സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ പോലീസിന് പോലീസിന് നിര്‍ദ്ദേശം നല്കി. ജില്ലയില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന് പുറമെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെട്ട 15 കമ്മിറ്റികളേയും കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്. എ.ഡി.എം ടി.വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ആദ്യ റാപിഡ് റസ്പോണ്‍സ് യോഗം ചേര്‍ന്നിരുന്നു. ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി.വിജയന്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.നാസര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രമാദേവി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.