ഈ സർക്കാർ 440 കായിക താരങ്ങൾക്ക് നിയമനം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ 195 കായികതാരങ്ങൾക്ക് സർക്കാർ ജോലിയിൽ നിയമന ഉത്തരവ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ഗെയിംസ് ടീം ഇനത്തിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 83 കായികതാരങ്ങൾക്ക് എൽ. ഡി. സി തസ്തികയിൽ ഉടൻ നിയമനം നൽകും. നേരത്തെ ടീം ഇനത്തിൽ സ്വർണം നേടുന്നവർക്ക് മാത്രമായിരുന്നു നിയമനം. കേരളത്തിൽ നടന്ന 35ാമത് ദേശീയ ഗെയിംസിൽ ടീം ഇനത്തിൽ വെള്ളി, വെങ്കല മെഡലുകൾ നേടുന്നവർക്ക് പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി നൽകുമെന്ന് കഴിഞ്ഞ സർക്കാരാണ് പറഞ്ഞത്.

എന്നാൽ ഇത് നടപ്പായില്ല. എന്നാൽ വിഷയം ഈ സർക്കാർ അനുഭാവപൂർവം പരിഗണിച്ചു. അങ്ങനെയാണ് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് എൽ. ഡി. സി നിയമനം നൽകാൻ തീരുമാനിച്ചത്. ഇവർക്ക് കൂടി ജോലി നൽകുന്നതോടെ ഈ സർക്കാർ 523 താരങ്ങൾക്ക് സ്‌പോർട്‌സ് ക്വാട്ടയിൽ നിയമനം നൽകിയെന്ന റെക്കോഡ് നേട്ടത്തിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2010 14 വർഷങ്ങളിലെ മുടങ്ങിക്കിടന്ന സ്‌പോർട്‌സ് ക്വാട്ട നിയമനമാണ് ഒന്നിച്ചു നടത്തിയത്.

ഈ സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പുള്ള അഞ്ച് വർഷം 110 നിയമനം മാത്രമാണ് നടന്നത്. കേരളത്തിന്റെ സന്തോഷ് ട്രോഫി നേടിയ ടീമിലെ 11 കളിക്കാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലും 58 താരങ്ങൾക്ക് കേരള പോലീസിലും ഈ മാസം നിയമനം നൽകിയിട്ടുണ്ട്. കളി മികവിൽ നാടിന് പേരും പെരുമയും ഉയർത്തിയ കായിക താരങ്ങൾക്ക് പലപ്പോഴും അംഗീകാരം അപ്രാപ്യമായിരുന്നു.

ഈ സ്ഥിതിയാണ് സർക്കാർ തിരുത്തിയത്. ദുരിതത്തിലായ മുൻകാല താരങ്ങൾക്കും ഈ സർക്കാർ കൈത്താങ്ങായി. ഇത്തരത്തിലുള്ള കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതിനുള്ള നടപടി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ പി. യു. ചിത്ര, വിസ്മയ എന്നിവർക്ക് ജോലി നൽകുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ജോലിയിൽ പ്രവേശിക്കുന്ന കായികതാരങ്ങളുടെ കഴിവുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അത്‌ലറ്റിക്‌സ് താരം എം. ഡി താരയ്ക്ക് ആദ്യ ഉത്തരവ് മുഖ്യമന്ത്രി കൈമാറി. കായിക മന്ത്രി ഇ. പി. ജയരാജൻ അധ്യക്ഷത വഹിച്ചു. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, സ്‌പോർട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറക്ടർ ജെറോമിക് ജോർജ്, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാർ എന്നിവർ പങ്കെടുത്തു.