എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രം, അസാപ് വയനാട്, ജില്ലാ സ്‌കില്ലിങ് കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ ബാഗ് നിര്‍മ്മാണ പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18 നും 45 നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കള്‍ക്കാണ് 13 ദിവസത്തെ പരിശീലനം നല്‍കുന്നത്.
പുത്തൂര്‍ വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിലാണ് 30 പേരടങ്ങുന്ന ബാച്ചിനുളള പരിശീലനം. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഗോത്ര വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാന്‍ സഹായകമാവുന്ന വിധത്തില്‍ പരിശീലനം സംഘടിപ്പിച്ചത്. പരിശീലന ത്തിനെത്തുന്നവര്‍ക്ക് പട്ടികജാതി വികസന വകുപ്പ് യാത്രപ്പടി നല്‍കുനുണ്ട്.
ചടങ്ങില്‍ എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രം ഡയറക്ടര്‍ സജ്ഞീവ് നായിക് അദ്ധ്യക്ഷത വഹിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.ടി ജംഷീദ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജറും ജില്ലാ സ്‌കില്‍ കമ്മിറ്റി കണ്‍വീനറുമായ കൃഷ്ണന്‍ കോളിയോട്ട്, അസാപ് സി.എസ്.പി ഡയാന തങ്കച്ചന്‍, ഐ.ടി.ഡി.പി. ഡിപ്പാര്‍ട്ട്‌മെന്റ് സോഷ്യല്‍ വര്‍ക്കര്‍ വി.പി. അക്ബര്‍ അലി, ആര്‍സെറ്റി ഫാക്കല്‍റ്റി ആല്‍ബിന്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.